മ്യൂണിച്ച്: ലോക ഫുട്ബോളിലെ പ്രതാപശാലികളായ രണ്ടു ക്ലബ്ബുകളുടെ അങ്കത്തില്‍ ജര്‍മന്‍ ടീം ബയേണ്‍ മ്യൂണിച്ചിന് ജയം. ഓഡി കപ്പ് ഫൈനലില്‍ സ്പാനിഷ് വമ്പന്മാര് റയല്‍ മാഡ്രിഡിനെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തി ബയേണ്‍. കളിയുടെ അന്ത്യഘട്ടത്തില്‍ സൂപ്പര്‍ താരം റോബര്‍ട്ടോ ലെവന്‍ഡോവ്സ്കിയാണ് വിജയ ഗോള്‍ നേടിയത്. രണ്ട് ഭൂഖണ്ഡങ്ങളിലായി നടന്ന രണ്ട് ഇന്റര്‍നാഷണല്‍ കപ്പ് കിരീട നേട്ടവുമായി ഓഡി കപ്പിനെത്തിയ റയലിന് നിരാശയായി മത്സരഫലം.
അലിയന്‍സ് അരീനയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഗരത് ബെയ്ലുമില്ലാതെ ഇറങ്ങിയ റയലിന് സ്വാഭാവിക താളം പുറത്തെടുക്കാനായില്ല. ക്രിസ്റ്റ്യാനോ മ്യൂണിച്ചിലേക്ക് വന്നിട്ടില്ല. ബെയ്ലിനാകട്ടെ പരുക്കിന്റെ സൂചനകള്‍. ഇതോടെ താരത്തെ കളത്തിലിറക്കേണ്ടെന്ന് പരിശീലകന് റാഫേല്‍ ബെനിറ്റസ് തീരുമാനിച്ചു. മത്സരത്തിലുടനീളം ആക്രമിച്ച ബയേണിനെ വന്‍ ജയത്തില്നിന്നു തടഞ്ഞത് ഗോള്‍ വല കാത്ത കെയ്ലര് നവാസ്.
















