പാരീസ്: അര്‍ജന്റൈന്‍ വിങ്ങര്‍ എയ്ഞ്ചല്‍ ഡി മരിയ ഫ്രഞ്ച് ക്ലബ് പാരീസ് സെയ്ന്റ് ജെര്‍മെയ്നിലേക്ക്. പിഎസ്ജിയുമായുള്ള കരാറിന്റെ കാര്യത്തില്‍ അന്തിമ ധാരണയായി. ഈയാഴ്ച അവസാനം പാരീസില്‍ കരാര്‍ ഒപ്പിടുമെന്ന് മരിയയുമായി അടുത്ത വൃത്തങ്ങള്‍. നാലു വര്‍ഷത്തേക്കാവും ഉടമ്പടി.
അറുപത്തിയൊമ്പത് ദശലക്ഷം ഡോളറിന് (ഏകദേശം 440 കോടി രൂപ) ഡി മരിയയെ വില്‍ക്കാനാണ് ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ തീരുമാനം. 2014ല്‍ സ്പാനിഷ് ടീം റയല്‍ മാഡ്രിഡില്‍ നിന്നാണ് താരം മാഞ്ചസ്റ്ററിലേക്ക് ചേക്കേറിയത്.
631 കോടി രൂപ യുണൈറ്റഡ് ചെലവിട്ടപ്പോള്‍ ബ്രിട്ടീഷ് ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും പണമെറിഞ്ഞുള്ള കരാര്‍ ഒപ്പിടലായത്. എന്നാല്‍, പ്രീമിയര്‍ ലീഗുമായി ഇണങ്ങാന്‍ മരിയക്ക് കഴിഞ്ഞില്ല.
അസ്ഥിരത ശീലമാക്കിയ താരത്തിന് പലപ്പോഴും സൈഡ് ബെഞ്ചിലായിരുന്നു സ്ഥാനം. ചുവന്ന ചെകുത്താന്മാരുടെ കുപ്പായത്തിലെ 27 മത്സരങ്ങളില്‍ മരിയ കുറിച്ചത് മൂന്നു ഗോളുകള്‍ മാത്രം. തുടര്‍ന്ന് താരത്തെ കൈവിടാന്‍ ലണ്ടന്‍ ക്ലബ് തീരുമാനിച്ചു.
കഴിഞ്ഞ സീസണില്‍ തന്നെ പിഎസ്ജി മരിയയെ നോട്ടമിട്ടിരുന്നു. എന്നാല്‍, പണം ചെലവിടാന്‍ യുവേഫയുടെ വിലക്കുണ്ടായിരുന്നതിനാല്‍ പിന്‍വലിഞ്ഞു. ഫ്രാന്‍സില്‍ വിജയങ്ങള്‍ വെട്ടിപിടിക്കുമ്പോഴും ചാമ്പ്യന്‍സ് ലീഗില്‍ പിഎസ്ജി ഏറെക്കാലമായി പിന്നോട്ട്. മരിയയുടെ വേഗവും ഡ്രിബ്ലിങ് പാടവവും ആ കുറവ് പരിഹരിക്കുമെന്ന് വിലയിരുത്തല്‍.
















