ഹൈദരാബാദ്: സ്വന്തം ഗ്രൗണ്ടില്‍ ടൈറ്റന്‍സ് പുലികളായി. കഴിഞ്ഞ ദിവസം ജയ്പൂര്‍ പിങ്ക് പാന്തേഴ്സിനോട് സമനില പാലിച്ചതിന്റെ ക്ഷീണമൊന്നും ഇന്നലെ അവര്‍ക്കുണ്ടായില്ല. തുടരെ രണ്ടാം ദിവസവും കളത്തിലിറങ്ങിയ ടൈറ്റന്‍സ് ബംഗാള്‍ വാരിയേഴ്സിനെ നിലംപരിശാക്കി, സ്കോര്‍: 44-28. ഇതോടെ, 34 പോയിന്റുമായി രണ്ടാം സ്ഥാനം കൂടുതല്‍ സുരക്ഷിതമാക്കി തെലുങ്കു ടീം. 11 പോയിന്റുള്ള ബംഗാള്‍ ഏഴാം സ്ഥാനത്ത്.
ദീപക് ഹൂഡയുടെയും രാഹുല്‍ ചൗധരിയുടെയും തകര്‍പ്പന്‍ പ്രകടനമാണ് ടൈറ്റന്‍സിനെ വന്‍ ജയത്തിലേക്കു നയിച്ചത്. ദീപക് പതിനൊന്നും, രാഹുല്‍ പത്തും പോയിന്റ് നേടി. ആറു പോയിന്റ് വീതം നേടിയ സുകേഷ് ഹെഗ്ഡെയും, സന്ദീപും ആതിഥേയരുടെ ജയത്തിനു പിന്തുണ നല്കി.
തുടക്കം മുതല്‍ ആധിപത്യം പുലര്‍ത്തിയ ടൈറ്റന്‍സിനു മുന്നില്‍ മറുപടിയില്ലാതെ നില്‍ക്കാനേ ബംഗാള്‍ യോദ്ധാക്കള്ക്കായുള്ളു. ആദ്യ മിനിറ്റു മുതല്‍ ഒരു ഘട്ടത്തിലും മുന്‍തൂക്കം വിട്ടുനല്‍കിയില്ല ടൈറ്റന്‍സ്. പകരക്കാരനായി ഇറങ്ങിയ മഹേന്ദ്ര ഗണേഷാണ് ബംഗാളിന്റെ ടോപ് സ്കോറര്‍. ഗണേഷ് 14 പോയിന്റ് നേടി.
അതേസമയം, ലീഗില്‍ യു മുംബയുടെ വിജയക്കുതിപ്പ് തുടരുന്നു. ചൊവ്വാഴ്ചത്തെ രണ്ടാമത്തെ മത്സരത്തില്‍ മുംബ 29-25ന് ദബാങ് ദല്‍ഹിയെ തുരത്തി. നായകന് അനൂപ് കുമാറിന്റെയും (എട്ട് പോയിന്റ്), റിഷാങ്ക് ദേവഡിഗയുടെയും (ആറ്) മികച്ച പ്രകടനമാണ് മുംബയ്ക്ക് ജയമൊരുക്കിയത്. ദല്‍ഹിക്കായി കാഷിലിങ് അഡകെയും ദാദസൊ ബാലസൊ അവദും തിളങ്ങി. അഡകെ ഏഴും, അവദ് ആറും പോയിന്റ് നേടി. എട്ടാം ജയത്തോടെ മുംബ 40 പോയിന്റുമായി ബഹുദൂരം മുന്നില്‍. ദല്‍ഹിക്ക് 17 പോയിന്റ്.
















