നോട്ടിങ്ഹാം: ആഷസ് പരമ്പരയിലെ നാലാം ക്രിക്കറ്റ് ടെസ്റ്റിന് ഇന്ന് നോട്ടിങ്ഹാമില്‍ അരങ്ങുണരുമ്പോള്‍ ആവേശം അലതല്ലും. ആദ്യത്തേതും, മൂന്നാമത്തേതും വലിയ വ്യത്യാസത്തില്‍ ജയിച്ച് ഇംഗ്ലണ്ട് മുന്നിട്ടു നില്‍ക്കുമ്പോള്‍, രണ്ടാമത്തേതില്‍ വന്‍ ജയം നേടി ഓസ്‌ട്രേലിയ. ഇന്നു ജയിച്ച് പരമ്പര തിരിച്ചുപിടിക്കാന്‍ ഇംഗ്ലണ്ട് ലക്ഷ്യമിടുമ്പോള്‍, നിലനിര്‍ത്താന്‍ ഓസീസിന് ജയം അനിവാര്യം.
ജയിംസ് ആന്‍ഡേഴ്‌സണും സ്റ്റുവര്‍ട്ട് ബ്രോഡും വര്‍ഷിക്കുന്ന സ്വിങ്ങറുകള്‍ക്ക് മറുപടി നല്‍കാനാകുന്നില്ലെന്നതാണ് ഓസ്‌ട്രേലിയയുടെ പ്രശ്‌നം. ഇന്ന് പക്ഷേ, ആന്‍ഡേഴ്‌സണില്ലെന്നത് കംഗാരുക്കളെ സന്തോഷിപ്പിക്കും. എന്നാല്‍, ബ്രോഡിനൊപ്പം എത്തുന്നത് കഴിഞ്ഞ കളിയില്‍ അരിഞ്ഞിട്ട സ്റ്റീവന്‍ ഫിന്‍. മാര്‍ക്ക് വുഡും, ലിയാം പ്ലങ്കറ്റും ഇവര്‍ക്കൊപ്പം അണിനിരക്കും.
ബാറ്റിങ്ങില്‍ നായകന്‍ അലിസ്റ്റര്‍ കുക്കിന്റെ ഫോമില്ലായ്‌മ ആഥിയേരെ കുഴപ്പത്തിലാക്കുന്നു. സഹ ഓപ്പണര്‍ ആദം ലിത്തും നിരാശപ്പെടുത്തുന്നു. മധ്യനിരയില്‍ ഇയാന്‍ ബെല്ലും ജോ റൂട്ടും ഫോമില്‍ തിരികെയെത്തിയത് അവര്‍ക്ക് ആശ്വാസം. പ്രതിസന്ധികളില്‍ തണലാകുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ജോസ് ബട്‌ലറും, വാലറ്റത്ത് മോയീന്‍ അലിയും, ബ്രോഡും റണ്‍ കണ്ടെത്തിയാല്‍ ആതിഥേയരുടെ ബാറ്റിങ് ആകുലതകള്‍ അകലും.
ബാറ്റിങ്ങില്‍ മുന്നില്‍ നിന്നു നയിക്കാറുള്ള നായകന്‍ മൈക്കിള്‍ ക്ലര്‍ക്ക് അമ്പേ പരാജയമാകുന്നത് ഓസ്‌ട്രേലിയയുടെ തകര്‍ച്ചയ്‌ക്ക് പ്രധാന കാരണം. കഴിഞ്ഞ പരമ്പരകളില്‍ നെടുതൂണായ സ്റ്റീവന്‍ സ്മിത്തിനും സ്ഥിരത പുലര്‍ത്താനാകുന്നില്ല. സ്മിത്ത് നിറഞ്ഞാടിയപ്പോള്‍ ലോര്‍ഡ്‌സിലെ രണ്ടാം ടെസ്റ്റ് പുഷ്പം പോലെ കൈപ്പിടിയിലൊതുക്കി. സമീപകാലത്ത് സ്ഥിരത പുലര്‍ത്തുന്നത് ഓപ്പണര്‍ ക്രിസ് റോജേഴ്‌സ്. ഷോണ്‍ മാര്‍ഷും ഡേവിഡ് വാര്‍ണറുമെല്ലാം ഇടയ്‌ക്ക് മിന്നിത്തെളിയുമെന്നു മാത്രം. ഹാഡിനു പകരമെത്തിയ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ പീറ്റര്‍ നെവിലിനു തെളിയിക്കേണ്ട ബാധ്യതയുണ്ട്.
മിച്ചല്‍ ജോണ്‍സണ്‍, ജോസ് ഹെയ്‌സല്‍വുഡ്, നഥാന്‍ ലിയോണ്‍, പീറ്റര്‍ സിഡില്‍, റയാന്‍ ഹാരിസ് എന്നിവരടങ്ങിയ ബൗളിങ് നിര സമ്പന്നം. അവരുടെ പ്രകടനം ഏപ്പോഴും ശരാശരിക്കു മുകളില്‍. എന്നാല്‍, ബാറ്റ്‌സ്മാന്മാരുടെ പ്രകടനം ബൗളര്‍മാരെ ബാധിക്കുന്നു. കഴിഞ്ഞ കളിയില്‍ അതു വ്യക്തം. ഇംഗ്ലീഷ് ബാറ്റ്‌സ്മാന്മാരെ കെട്ടിയിടാന്‍ വേണ്ടതെല്ലാം കൈയിലുണ്ടെന്ന് അവര്‍ തെളിയിച്ചു. രണ്ടു ടീമുകളും അന്തിമ ടീമിനെ മത്സരത്തിനു മുന്‍പേ പ്രഖ്യാപിക്കു.
















