കൊളംബോ: സന്നാഹ മത്സരത്തോടെ ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിന് ഇന്നു തുടക്കം. 12ന് ആദ്യ ടെസ്റ്റ് തുടങ്ങും മുന്‍പ് ആവാനാഴിയും ആയുധങ്ങളും തേച്ചുമിനുക്കാന് ഇന്ത്യ പ്രേമദാസ സ്റ്റേഡിയത്തില്‍ ലങ്കന്‍ പ്രസിഡന്റ്സ് ഇലവനെ നേരിടും. നാട്ടിലേതിനു സമാനമായ സാഹചര്യമാണ് ലങ്കയിലെന്നതിനാല് നാലു വര്‍ഷത്തിനു ശേഷം വിദേശത്ത് ടെസ്റ്റ് പരമ്പരയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. പുതിയ നായകനു കീഴില്‍ അതിനു കഴിയുമെന്നു ടീമിന്റെ പ്രതീക്ഷ. ലങ്കന്‍ ഇതിഹാസം കുമാര്‍ സംഗക്കാരയ്ക്ക് യാത്രയയ്പ്പ് നല്‍കാനാണ് പ്രധാനമായും ഈ മൂന്നു ടെസ്റ്റ് പരമ്പര.
ഇന്നിറങ്ങുമ്പോള്‍ ബാറ്റിങ്ങിലെ ആകുലതകള്‍ പരിഹരിക്കുകയാകും ആദ്യ ലക്ഷ്യം. ഓപ്പണര്‍മാര്‍ എം. വിജയും, ശിഖര്‍ ധവാനും ഫോമിലാണെങ്കിലും, മധ്യനിരയില്‍ വിരാടും, ചേതേശ്വറും ഫോമില്ലാതെ ഉഴറുന്നു. അജിങ്ക്യയും രോഹിതും പ്രതീക്ഷ കാക്കുന്നുവെങ്കിലും നായകന്റെയും ചേതേശ്വറിന്റെയും ഫോമാണ് നിര്‍ണായകം.
ടെസ്റ്റ് ജയിക്കാന്‍ 20 വിക്കറ്റും വീഴ്ത്തണമെന്നും, അതിന് ബൗളിങ് ശക്തമാകണമെന്നും വിരാടിനു നിര്‍ബന്ധം. ടെസ്റ്റില്‍ അഞ്ചു ബൗളര്‍മാരെ കളിപ്പിക്കുമെന്ന് നായകന് വ്യക്തമാക്കിയിട്ടുമുണ്ട്. മൂന്നു പേസര്‍മാരും രണ്ടു സ്പിന്നര്‍മാരുമാണ് നായകന്റെ മനസില്‍. ഇഷാന്ത് ശര്‍മ, വരുണ്‍ ആറോണ്‍, ഉമേഷ് യാദവ്, ഭുവനേശ്വര്‍ എന്നിവര്‍ പേസ് വിഭാഗത്തിലും, ഹര്ഭജന്, അശ്വിന് അമിത് മിശ്ര എന്നിവര്‍ സ്പിന്‍ വിഭാഗത്തിലുമുണ്ട്. ഇവരില്‍നിന്ന് ഒരു കോമ്പിനേഷന്‍ തെരഞ്ഞെടുക്കുകയാണ് ബൗളിങ് പരിശീലകന് ബി. അരുണിന്റെ ലക്ഷ്യം.
പേസര്‍മാര്‍ വേഗത കുറയ്ക്കേണ്ടെന്ന് പരിശീലകന് അരുണ്‍ നിര്‍ദേശിച്ചിട്ടുണ്ട്. സ്വാഭാവിക വേഗതയില്‍ എറിയാനാണ് നിര്‍ദേശം. ഇവരെല്ലാം 145 കിലോമീറ്ററിലേറെ വേഗതയില്‍ എറിയാന്‍ കെല്‍പ്പുള്ളവരെന്ന് അരുണ്‍ പറയുന്നു. ആറോണിന്റെയും ഉമേഷിന്റെയും വേഗതയില്‍ എറെ പ്രതീക്ഷയെന്നും അരുണ്‍.
യുവതാരം ലാഹിരു തിരുമെന്നയാണ് ലങ്കന്‍ ബോര്‍ഡ് പ്രസിഡന്റ്സ് ഇലവനെ നയിക്കുന്നത്. ധനജ്ഞയ ഡിസില്‍വ, കുശാല്‍ പെരരേ, ഉപുല്‍ തരംഗ, നിരോഷന്‍ ഡിക്വെല്ല, ലാഹിരു ഗമകെ തുടങ്ങി യുവതാരങ്ങളും പരിചയസമ്പന്നരുമായവര്‍ ടീമിലുണ്ട്. ദേശീയ ടീമിലേക്ക് കണ്ണുംനട്ടിരിക്കുന്ന ഇവര്‍ക്ക് മികച്ച പ്രകടനം തുണയാകും. അതിനാല്‍ കൈമെയ് മറന്നു പോരുതാനാകും ഇവര്‍ ശ്രമിക്കുക.
















