ശാന്തമായ ദാമ്പത്യജീവിതം നയിക്കുകയാണ് സീതാരാമന്മാര്‍; വനത്തിലാണെന്നു മാത്രം. അവര്‍ക്കിടയിലേക്കു വലിഞ്ഞുകേറി വരുന്നു വിരാധന്‍ എന്ന രാക്ഷസന്‍. സീതയെ സ്വന്തമാക്കണമെന്നാണ് മോഹം.അതിനു ശ്രമിച്ചുവെങ്കിലും കൊല്ലപ്പെട്ടുപോയി. ഏതു വൈവാഹിക ജീവിതത്തിലും ചെറുതോ വലുതോ ആയ ഇത്തരം കടന്നു കയറ്റങ്ങള്‍ ഉണ്ടാകാം എന്നതാണ് ഈ കഥ നല്‍കുന്ന സൂചന.
പുരുഷനു സ്ത്രീയോടുണ്ടാകുന്ന അവിഹിതകാമത്തിന് ഒരു മറുവശമുണ്ട്. സ്ത്രീക്കു പുരുഷന്റെ നേരെയും അവിഹിതകാമം ഉണ്ടാകാം. അതും സീതാരാമന്മാര്‍ക്കനുഭവിക്കേണ്ടിവന്നു. – പഞ്ചവടിയില്‍ വച്ചാണിത്.ശൂര്‍പ്പണഖയുടെ ലക്ഷ്യം ‘രാമാപഹരണ’മായിരുന്നു.!
ശൂര്‍പ്പണഖ വന്നപാടെ രാമനോടു നാണലേശമില്ലാതെ കാര്യം പറഞ്ഞു. ”എന്നെ രമിപ്പിക്കൂ രാമാ! എന്റെ ഭര്‍ത്താവാകൂ; നമുക്ക് ഈ വനത്തിലെങ്ങും ഉല്ലസിച്ചു ജീവിക്കാം.” എന്ന്.
ഇമാം വിരൂപാമസതീം
കരാളാം നിര്‍ണ്ണതോദരി
അനേന തേ സഹഭ്രാതാ
ഭക്ഷയിഷ്യാമി മാനുഷീം.
”വിരൂപയായ സീതയെക്കൊണ്ടു നിങ്ങള്‍ക്കെന്തുകാര്യം? ഞാനാണനുരൂപയായ ഭാര്യ! വികൃതയും ഒട്ടിയ വയറുള്ളവളുമായ ഈ മനുഷ്യസ്ത്രീയേയും നിങ്ങളുടെ സഹോദരനേയും ഞാന്‍ ഭക്ഷിച്ചു ശല്യം ഒഴിവാക്കിയേക്കാം” എന്നുകൂടി ശൂര്‍പ്പണഖ പറഞ്ഞു.
”അതുവേണ്ട പ്രിയപ്പെട്ടവളാണ് എനിക്ക് സീത. സപത്‌നിയായി ഒപ്പം കഴിയാന്‍ നിനക്കും വിഷമം കാണും. അതിനാല്‍ അവിടെ നില്‍ക്കുന്ന ലക്ഷ്മണനെ സമീപിച്ചുനോക്കൂ. ഭാര്യ അടുത്തില്ലാത്ത അവന്‍ ആഗ്രഹിക്കുകയാണെങ്കില്‍ നിന്റെ സൗന്ദര്യത്തിനു ചേര്‍ന്ന ഭര്‍ത്താവിനെ ലഭിക്കും” എന്നു രാമന്‍ പറഞ്ഞു.
ശല്യം ഒഴിവാക്കാന്‍ ഒരു സൂത്രം പ്രയോഗിച്ചതാണെന്നു കരുതാമെങ്കിലും രാമനിവിടെ അസത്യത്തിനു തുല്യമായ തമാശയല്ലേ പറയുന്നത്? ആശകൊടുത്തു ശൂര്‍പ്പണഖയെ ലക്ഷ്മണനടുത്തേക്കു പ്രലോഭിപ്പിച്ചു വിടുകയും ചെയ്തില്ലേ?
അനിയനെങ്കില്‍ അനിയന്‍! ശൂര്‍പ്പണഖ ഉടനെ ലക്ഷ്മണന്റെ അരികിലെത്തി. ചേട്ടനോടു പറഞ്ഞ അതേവാക്കുകള്‍ ആവര്‍ത്തിച്ചു. രാക്ഷസീയ കാമം അങ്ങനെയാണ്. ഒരു വകതിരിവും കാണിക്കില്ല.. സ്വാര്‍ത്ഥ കാമം സാധിക്കണം എന്നേയുള്ളൂ. (മണ്‍ പൂച്ചയായാലെന്ത്? മരപ്പൂച്ചയായാലെന്ത്? എലിയെ പിടിക്കണം.!) ലക്ഷ്മണന്‍ അവളെ തിരിച്ചയച്ചു.
എന്തൊരു കളിപ്പിക്കലാണിത്? രാമനുണ്ടോ സ്വീകരിക്കുന്നു? ആശിച്ചതു പിടിച്ചെടുക്കാതെ പോകാന്‍ ശൂര്‍പ്പണഖയും തയ്യാറല്ല. അതിനാല്‍ തടസ്സമായി നില്‍ക്കുന്ന സീതയുടെ നേരേ ആക്രമത്തിനു മുതിര്‍ന്നു.
കളി കാര്യമായല്ലോ എന്നബോധം അപ്പോഴാണ് രാമനില്‍ ഉണ്ടാവുന്നത്. അലറിയടുത്ത രാക്ഷസിയെ പിടിച്ചു നിര്‍ത്തിയിട്ട് രാമന്‍ ലക്ഷ്മണനോടു പറഞ്ഞു.
ക്രൂരൈരനാരൈ്യ സൗമിത്രേ
പരിഹാസ കഥഞ്ചന
ന കാര്യഃ പശ്യ വൈദേഹീം
കഥഞ്ചിത് സൗമ്യ, ജീവിതം.
അയോഗ്യരും ക്രൂരരുമായവരോടു തമാശ പറയരുത് ലക്ഷ്മണാ! സീതയ്‌ക്കു ജീവാപായം വരാതിരിക്കാന്‍ ഈ രാക്ഷസിയെ വിരൂപയാക്കി വിട്ടാലും എന്നാണ് രാമന്റെ കല്പന.
ലക്ഷ്മണന്‍ ഉടനെ ശൂര്‍പ്പണഖയുടെ മൂക്കും ചെവികളും അരിഞ്ഞു വീഴ്‌ത്തി. തുഞ്ചത്തെഴുത്തച്ഛന്‍ പക്ഷേ, ഒരവയവംകൂടി ചേര്‍ത്തരിയുകയുണ്ടായി. -”വാളുറയൂരിക്കാതും മുലയും മൂക്കുമെല്ലാം ഛേദിച്ചു.”എന്നാണ് പറയുന്നത്.അപ്പോള്‍ ആ രാക്ഷസി അലറിവിളിച്ചും ചോരയൊലിപ്പിച്ചും ഓടിപ്പോയി. അങ്ങനെ, രാമാപഹരണത്തിനുള്ള ശൂര്‍പ്പണഖയുടെ ശ്രമം – പുരുഷനുവേണ്ടിയുള്ള സ്ത്രീയുടെ രാക്ഷസീയകാമം-പാളിപ്പോയി!
പക്ഷേ, മുറിവേറ്റ സ്ത്രീ കൂടുതല്‍ അപകടങ്ങള്‍ സൃഷ്ടിച്ചു. ഖരദൂഷണാ ത്രിശിരസുകളുടെ നാശത്തിനു വഴിയൊരുക്കി. പിന്നെ ദുര്‍ബുദ്ധി പ്രയോഗിച്ചു കരുത്തനായ മൂത്ത സഹോദരന്‍ രാവണനേയും പ്രലോഭിപ്പിച്ചു കാമവിവശനാക്കി. അനിയത്തിയില്‍ നിന്നു ലഭിച്ച വിവരങ്ങളെ മുന്‍നിര്‍ത്തി വളരെ ആസൂത്രിതമായും തന്ത്രപരവുമായാണ് രാവണന്‍ നീങ്ങിയത്. വിജയകരമായ ആ നീക്കത്തിന്റെ പരിസമാപ്തിയാണ് സീതാപഹരണം.
അപ്പോള്‍, എവിടെയോ ഇരുന്നു, പെണ്ണുങ്ങളോടു കളിച്ചാല്‍ ഇങ്ങനെയിരിക്കും എന്നു ശൂര്‍പ്പണഖ രാമനെ കൊഞ്ഞനം കുത്തിയിട്ടുണ്ടാകാം. ശൂര്‍പ്പണഖയുടെ മനസ്സ് സഞ്ചരിച്ച വഴികള്‍ പ്രത്യേക വിശകലനം അര്‍ഹിക്കുന്ന ഒരു വിഷയമത്രേ.
മറ്റൊരു കാര്യം ഇവിടെ ഓര്‍മ്മിപ്പിക്കാനുള്ളത് രാമനു പറ്റിയ ഒരു പിഴവാണ്. ശൂര്‍പ്പണഖയെ പരോക്ഷമായിട്ടാണെങ്കിലും ആദ്യമേ കളിയാക്കുകയായിരുന്നല്ലോ. ലക്ഷ്മണന്റെ കളിയാക്കലാകട്ടെ കുറേക്കൂടി കടന്ന രീതിയിലാവുകയും ചെയ്തു. ഇത്തരം കളിയാക്കലുകളില്‍ അതിശയോക്തിയും സത്യവും തിളച്ചുപൊങ്ങുക സ്വാഭാവികമാണ്. രാമലക്ഷ്മണന്മാരുടെ വാക്കുകളില്‍ അതു സംഭവിച്ചു.
പിന്നെ കളി കാര്യമായി മാറിയപ്പോഴാണ് രാമന്റെ തത്വപ്രസംഗം! – അയോഗ്യന്മാരോടും ക്രൂരന്മാരോടും പരിഹാസമരുതേ അനുജാ എന്ന് മാതൃകയാകേണ്ട ജേഷ്ഠനല്ലേ ആദ്യം ആ തെറ്റുചെയ്തത് എന്നു ലക്ഷ്മണന്‍ ചോദിച്ചില്ല. ഇന്നു വേണമെങ്കില്‍ നമുക്ക് ചോദിക്കാന്‍ തടസവുമില്ല!
അതിരിക്കട്ടെ. പരിഹാസത്തിന്റെ ഫലം എന്തായി? മഹായുദ്ധംതന്നെ! പ്രത്യക്ഷമായോ പരോക്ഷമായോ ഇത്തരം കളിയാക്കലുകളും നോവിക്കലുകളും സമൂഹത്തെയാകെ നാശത്തിലേക്കാണ് നയിക്കുക. ദ്വാപരയുഗത്തിലും ഉണ്ടായി ഒരുയുദ്ധം; മഹാഭാരതയുദ്ധം! എന്തായിരുന്നു മൂലകാരണം? സ്ഥലജല ഭ്രാന്തി പിടിപെട്ട ദുര്യോധനാദികളെ നോക്കി പാഞ്ചാലി ചിരിച്ച ചിരിയെപ്പറ്റി ഓര്‍ക്കുക.
ഇതിഹാസങ്ങള്‍ രണ്ടും നമ്മളോടു പറയുന്നു- പരിഹസിക്കുമ്പോള്‍ ഏറെ സൂക്ഷിക്കണം. ഇത് ഉള്‍ക്കൊള്ളാന്‍ മനസ്സു വികസിച്ചവരോടേ പറയാവൂ. അല്ലെങ്കില്‍ വലിയ സങ്കടങ്ങള്‍ക്ക് കാരണമായേക്കും എന്ന്.
(തുടരും)
















