ഗോഹട്ടി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫു്ടബോളില്‍ കഴിഞ്ഞ സീസണില്‍ ചെന്നൈയിന്‍ എഫ്‌സിയുടെ വല കാത്ത ഫ്രാന്‍സിന്റെ ഗെന്നരൊ ബ്രസിഗ്ലിയാനോ ഈ സീസണില്‍ നോര്‍ത്ത്ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയില്‍.
ബ്രസിഗ്ലിയാനോയുമായി നോര്‍ത്ത്ഈസ്റ്റ് കരാറിലെത്തി. ഗോള്‍കീപ്പറും ഗോള്‍കീപ്പിങ് പരിശീലകനുമായാണ് ഇദ്ദേഹം ജോണ്‍ ഏബ്രഹാമിന്റെ ടീമിലെത്തുക. കഴിഞ്ഞ സീസണില്‍ ടീമിനെ സെമിയിലേക്കു നയിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച മലയാളി താരം ടി.പി. രഹനേഷ് ഒന്നാം ഗോളി. ലാല്‍തുവമ്മവിയ റാള്‍ട്ടെയും വല കാക്കാനുണ്ട്. ബ്രസിഗ്ലിയാനോ കൂടിയെത്തുന്നതോടെ ടീമിന്റെ ഗോള്‍ കീപ്പിങ് ക്വാട്ട പൂര്‍ത്തിയായി.
ഫ്രഞ്ച് പ്രൊഫഷണല്‍ ലീഗില്‍ പതിനഞ്ച് വര്‍ഷത്തെ അനുഭവസമ്പത്തുമായാണ് ബ്രസിഗ്ലിയാനോ ആദ്യ സീസണില്‍ ഐഎസ്എല്ലിന്റെ ഭാഗമായത്. ചെന്നൈയ്‌ക്കായി 13 കളികളില്‍ വല കാത്ത താരം മൂന്നെണ്ണത്തില്‍ ഗോള്‍ വഴങ്ങിയില്ല. 34 രക്ഷപെടുത്തലുകളുമായി ചെന്നൈയുടെ കുതിപ്പിനു കരുത്തേകി ഇദ്ദേഹം. രക്ഷപെടുത്തല്‍ ശരാശരി 64.15 ശതമാനം. കഴിഞ്ഞ സെമി ഫൈനലില്‍ ബ്ലാസ്റ്റേഴ്‌സിനെതിരേയുള്ള അസാധാരണമായ രക്ഷപെടുത്തലുകളിലൂടെ രാജ്യത്തെ ഫുട്‌ബോള്‍ പ്രേമികളുടെ ആദരം പിടിച്ചുപറ്റി ഇദ്ദേഹം.
നോര്‍ത്ത്ഈസ്റ്റിലേക്കുള്ള മാറ്റത്തില്‍ സന്തോഷം പ്രകടിപ്പിച്ചു ബ്രസിഗ്ലിയാനോ. ടീമിന്റെ ആരാധക സമ്പത്ത് അത്ഭുതകരം. രാജ്യത്തെ മികച്ച ആരാധകരാണ് ടീമിന്റെ മുതല്‍ക്കൂട്ടെന്നും താരം പറഞ്ഞു. ചെന്നൈയിലെ അവസരത്തിന് നന്ദി പറഞ്ഞ ബ്രസിഗ്ലിയാനോ, അടുത്ത സീസണില്‍ നോര്‍ത്ത്ഈസ്റ്റിനായി മികച്ച പ്രകടനം പുറത്തെടുക്കുമെന്നും വ്യക്തമാക്കി. റണ്ണറപ്പ് കേരള ബ്ലാസ്റ്റേഴ്‌സിനെതിരേ ഒക്‌റ്റോബര്‍ ആറിനാണ് നോര്‍ത്ത്ഈസ്റ്റിന്റെ ആദ്യ മത്സരം.
ലിഗെ രണ്ട് ടീം നാന്‍സി ലൊറെയ്‌നിലൂടെ കരിയര്‍ തുടങ്ങിയ ബ്രസിഗ്ലിയാനോ 1996ല്‍ ക്ലബ്ബിന്റെ സീനിയര്‍ ടീമിലെത്തി. വായ്‌പാ വ്യവസ്ഥയില്‍ സിഎസ് ലൗഹാന്‍സ്, ആംഗേഴ്‌സ് തുടങ്ങിയ ക്ലബ്ബുകള്‍ക്കായും കളിച്ചു.
















