എഡ്ജ്ബാസ്റ്റണ്: ജയിംസ് ആന്‍ഡേഴ്സണിന്റെ തീപാറും പന്തുകള്‍ക്കു മുന്പില് കരുത്തുറ്റ ഓസീസ് ബാറ്റിങ് നിര തകര്‍ന്നു. 47 റണ്‍സ് മാത്രം വിട്ടുനല്‍കി ആറു വിക്കറ്റ് പിഴുത ആന്ഡേഴ്സണ് ആഷസ് പരമ്പരയിലെ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസീസിന്റെ ഇന്നിങ്സ് 136ല്‍ ഒതുക്കി. ബാക്കി വിക്കറ്റുകള്‍ സ്റ്റുവര്‍ട്ട് ബ്രോഡും സ്റ്റീവന്‍ ഫിന്നും പങ്കിട്ടു. മൂന്നു ബൗളര്‍മാരെ ഉപയോഗിച്ച് 36.4 ഓവറില്‍ കംഗാരുക്കളെ തീന്മേശയിലാക്കി ഇംഗ്ലീഷ് നായകന് അലിസ്റ്റര്‍ കുക്ക്. ഓസീസിനായി ചെറുത്തത് ക്രിസ് റോജേഴ്സ് (52).
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്തപ്പോള്‍ ഓസീസ് നായകന് മൈക്കിള്‍ ക്ലര്‍ക്ക് കരുതിയിട്ടുണ്ടാകില്ല ഇങ്ങനെയൊരു കൂട്ടക്കുരുതി. തുടക്കത്തിലെ ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ (രണ്ട്) മടക്കി ആന്ഡേഴ്സണ് തന്നെയാണ് തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്. ഇടയ്ക്കിടെ മഴ രസംകൊല്ലിയായെങ്കിലും, മാനം തെളിഞ്ഞപ്പോള്‍ കാണികളെ കാത്തിരുന്നത് വിക്കറ്റ് മഴ. ആദം വോഗ്സ് (16), മിച്ചല്‍ മാര്‍ഷ് (പൂജ്യം), പീറ്റര്‍ നെവില്‍ (രണ്ട്), മിച്ചല്‍ ജോണ്സണ് (മൂന്ന്), നഥാന്‍ ലിയോണ്‍ (11) എന്നിവരും ആന്‍ഡേഴ്സണിന്റെ ചൂടറിഞ്ഞു. നായകന് മൈക്കിള്‍ ക്ലര്‍ക്ക് (10) വീണ്ടും നിരാശപ്പെടുത്തിയപ്പോള്‍, കഴിഞ്ഞ മത്സരത്തിലെ സൂപ്പര്‍ താരം സ്റ്റീവന്‍ സ്മിത്തിനും (ഏഴ്) അടിതെറ്റി. ഇരുവരെയും ഫിന് മടക്കി.
കംഗാരുക്കളെ താങ്ങിനിര്‍ത്തിയ റോജേഴ്സ എട്ടാമനായാണ് മടങ്ങിയത്. 89 പന്തില്‍ ഒമ്പത് ഫോറുകളോടെ റോജേഴ്സിന്റെ 52. ബ്രോഡ് ഓസീസ് ഓപ്പണറുടെ ചെറുത്ത് നില്‍പ്പ് അവസാനിപ്പിച്ചു. മറുപടി തുടങ്ങിയ ഇംഗ്ലണ്ട് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 3.5 ഓവറില്‍ ഏഴു റണ്‍സെടുത്തിട്ടുണ്ട്. നായകന് അലിസ്റ്റര്‍ കുക്കും, ആദം ലിത്തും ക്രീസില്‍.
















