കല്‍പ്പറ്റ: മീനങ്ങാടി കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ ആദ്യ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം ആഗസ്ത് 18ന് നടക്കും. ദക്ഷിണാഫ്രിക്ക എ – ഇന്ത്യ എ ടീമുകളുടെ രണ്ട് ചതുര്‍ദിന മത്സരത്തിനുള്ള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലാണ്.രാഹുല്‍ ദ്രാവിഡ്, ജോണ്ടി റോഡ്സ്, ഹാഷിം അംല, ചേതേശ്വര്‍ പൂജാര തുടങ്ങിയ അതുല്യപ്രതിഭകള്‍ പരിശീലകരായി വയനാടന്‍ ചുരംകയറുന്നതോടെ മീനങ്ങാടി കൃഷ്ണഗിരി സ്റ്റേഡിയം ലോക ക്രിക്കറ്റ് ഭൂപടത്തിലേക്ക് കണ്ണ് വെക്കുകയാണ്. ആറ് മാസങ്ങള്‍ക്കുമുമ്പ് ഹൈദരാബാദിനെതിരെയും ഗോവയ്ക്കെതിരെയും നടന്ന രണ്ട് രഞ്ജി മത്സരങ്ങള്‍ വന്‍വിജയമായിരുന്നു.
താരങ്ങളും പരിശീലകരും ഒരുപോലെ പ്രശംസിച്ച സ്റ്റേഡിയം അന്താരാഷ്ട്ര മത്സരത്തിന് നടാടെയാണ് പിച്ചൊരുക്കുന്നത്. ആഗസ്ത് 16ന് ജില്ലയിലെത്തുന്ന ഇരു ടീമിലെയും താരങ്ങള്‍ 17ന് കൃഷ്ണഗിരിയില്‍ പരിശീലനം നടത്തും. ഇന്ത്യ എ ടീമിന്റെ കോച്ച് മുന്‍ ഇന്ത്യന്‍ നായകന് രാഹുല്‍ ദ്രാവിഡാണ്. സിംബാബ്വേയില് നടക്കുന്ന ഇന്ത്യന്‍ പര്യടനത്തില്‍ പങ്കെടുക്കുന്ന ചേതേശ്വര്‍ പൂജാരയാണ് ഇന്ത്യന്‍ എ ടീം ക്യാപ്റ്റന്‍. ദക്ഷിണാഫ്രിക്കന്‍ ടീമിനെ ജോണ്ടി റോഡ്സാണ് പരിശീലിപ്പിക്കുന്നത്.
ആദ്യ അന്താരാഷ്ട്ര മത്സരത്തിന് വന്‍ ഒരുക്കങ്ങളാണ് നടത്തുന്നതെന്ന് വയനാട് ജില്ലാ ക്രിക്കറ്റ് അസോസിയേഷന് സെക്രട്ടറി നാസര്‍ മച്ചാന് അറിയിച്ചു. പ്രവേശനം സൗജന്യമായതിനാല്‍ കാണികളുടെ വന്‍ ഒഴുക്കാണ് പ്രതീക്ഷിക്കുന്നത്.
സമുദ്രനിരപ്പില്‍നിന്ന് 2100 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പച്ചപ്പുല്മൈതാനത്തില് വിരുന്നെത്തുന്ന ആദ്യ അന്താരാഷ്ട്ര മത്സരം വന്‍വിജയമാക്കി ലോകക്രിക്കറ്റ് ഭൂപടത്തിലേക്ക് ഇടംതേടാനൊരുങ്ങുകയാണ് കൃഷ്ണഗിരി ഹൈ ആള്‍റ്റിട്യൂഡ് സ്റ്റേഡിയം.
















