ടെഹ്‌റാന്‍: രാജ്യത്തെ അടിസ്ഥാന മേഖല വികസിപ്പിക്കാന്‍ ഇറാന്‍ ഭാരതത്തിന്റെ സഹായം തേടി. റോഡ് അടക്കമുള്ള അടിസ്ഥാനമേഖലയില്‍ എണ്ണൂറുകോടി ഡോളര്‍ നിക്ഷേപിക്കാനാണ് ഇറാന്‍ ഭാരതത്തോട് അഭ്യര്‍ഥിച്ചിരിക്കുന്നത്.ഇറാനെതിരായ ഉപരോധം പിന്‍വലിച്ചുകഴിഞ്ഞു. ഈ അവസരം ഭാരതം ഉപയോഗപ്പെടുത്തണം.ഇറാന്‍ ഇന്ന് വിശ്വസിക്കാന്‍ കൊള്ളാവുന്ന പങ്കാളിയാണ്.ഭാരതത്തിലെ ഇറാന്‍ അംബാസഡര്‍ ഗുലാം റാസ അന്‍സാരി പറഞ്ഞു.
ഉപരോധം പിന്‍വലിച്ച സാഹചര്യം ഉപയോഗപ്പെടുത്തി ഇറാനിലെ വികസന പദ്ധതികളില്‍ മുതല്‍ മുടക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍ ശ്രമം തുടങ്ങുംമുന്‍പ് ഭാരതം അതു ചെയ്യണം. ഉപരോധത്തിന്റെ ദുരിതകാലത്തുപോലും ഭാരതം ഇറാനിലുണ്ടായിരുന്നു. അതിനാല്‍ ഇന്നത്തെ സാഹചര്യം ഭാരതം നന്നായി വിനിയോഗിക്കണം. അന്‍സാരി തുടര്‍ന്നു. റഷ്യയിലെ ഉഫയില്‍ നടന്ന ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയും കൂടിക്കാഴ്ച നടത്തിയിരുന്നു.
തുറമുഖം, റോഡ്, റെയില്‍വേ ലൈനുകള്‍, ഹൈവേകള്‍ തുടങ്ങിയവയില്‍ മുതല്‍ മുടക്കാന്‍ റൂഹാനി മോദിയോട് അഭ്യര്‍ഥിച്ചിരുന്നു. അതിനു തൊട്ടു പിന്നാലെയാണ് അംബാസിഡറുടെ ക്ഷണം. പ്രധാനമന്ത്രി നരേന്ദ്ര മോദി വളരെ പോസിറ്റീവാണ്. അന്‍സാരി പറഞ്ഞു.
















