ന്യൂദല്‍ഹി: 1993 ലെ മുംബൈ സ്‌ഫോടനക്കേസിലെ പ്രതി യാക്കൂബ് മേമന്റെ വധശിക്ഷയെ രാഷ്‌ട്രീയവല്‍ക്കരിക്കാന്‍ ശ്രമം നടക്കുന്നതായി ബിജെപി വക്താവ് സാമ്പിത് പത്ര. യാക്കൂബിന്റെ ശിക്ഷയ്‌ക്ക് വര്‍ഗീയ നിറം നല്‍കാന്‍ നീക്കം നടക്കുന്നതായും ഇത് ശരിയല്ലെന്നും സാമ്പിത് പത്ര പറഞ്ഞു.
തീവ്രവാദത്തിന് മതമില്ല. പിന്നെങ്ങനെയാണ് ഒരു തീവ്രവാദിയെ മതത്തിന്റെ പേരില്‍ ആരോപിതനാക്കാന്‍ കഴിയുക. രാജ്യത്തെ നിയമവ്യവസ്ഥയെ എല്ലാവരും മാനിക്കണമെന്നും ആരും നിയമത്തിന് അതീതരല്ലെന്നും അദ്ദേഹം പറഞ്ഞു. സുപ്രീംകോടതി വിധിയെ മാനിക്കുകയാണ് വേണ്ടത്. യാക്കൂബ് മേമന്റെ വിഷയത്തില്‍ സഹതാപതരംഗം ഉയര്‍ത്താന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും സാമ്പിത് പത്ര കൂട്ടിച്ചേര്‍ത്തു.
യാക്കൂബിന്റെ ശിക്ഷ ഇളവ് ചെയ്യണെമന്ന അഭിപ്രായമുയരുന്ന സാഹചര്യത്തിലാണ് ബിജെപി നിലപാട് വ്യക്തമാക്കിയത്.
ഈ മാസം 30 നാണ് യാക്കൂബിന്റെ വധശിക്ഷ നിശ്ചയിച്ചിരിക്കുന്നത്. 1993 ലുണ്ടായ മുംബൈ സ്‌ഫോടനത്തില്‍ 257 പേരാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു
















