ന്യൂദല്‍ഹി: വാതുവെയ്‌പ്പ് കേസില്‍ നിന്നും മോചിതനായ ശ്രീശാന്ത് ക്രിക്കറ്റില്‍ തിരികെ എത്താമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. കേസുമായി ബന്ധപ്പെട്ട് പിന്തുണ നല്‍കിയ എല്ലാവര്‍ക്കും നന്ദിയുണ്ട്. ആരോടും പരാതിയില്ല. നീതിന്യായ സംവിധാനത്തില്‍ വിശ്വസിച്ചിരുന്നു. ഇന്നല്ലെങ്കില്‍ നാളെ രാജ്യത്തിനായി കളിക്കാനാകുമെന്നും പ്രതീക്ഷിച്ചിരുന്നു. കേസില്‍ നിന്നും കുറ്റവിമുക്തനായതില്‍ എല്ലാവര്‍ക്കും നന്ദി. എല്ലാം കഴിഞ്ഞ കാലത്തിന്റേതാണെന്ന് വിശ്വസിക്കുന്നു. എല്ലാത്തിനും ദൈവത്തിന് നന്ദി പറയുന്നു.
ദേശീയ സ്റ്റേഡിയത്തിലെത്തി ഓടാനാണ് മനസ്സ് പറയുന്നതെന്ന് വിധി പ്രസ്താവന കേട്ട് കോടതിക്ക് പുറത്തിറങ്ങിയ ശ്രീശാന്ത് മാധ്യമങ്ങളോട് പറഞ്ഞു. കോടതി വിധി വന്നതോടെ ബിസിസിഐയുടെ സൗകര്യങ്ങള്‍ പരിശീലനത്തിന് ഉപയോഗിക്കാനുള്ള അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ വലിയ പിന്തുണയാണ് നല്‍കിയത്. മകള്‍ക്കും ഭാര്യയ്‌ക്കും എല്ലാവിധ പിന്തുണയും നല്‍കിയ മാതാപിതാക്കള്‍ക്കും ശ്രീശാന്ത് നന്ദി പറഞ്ഞു.
ബിസിസിഐയുടെ പരിശീലന സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ അനുമതി തേടി ശ്രീശാന്ത് ഉടന്‍ തന്നെ ബിസിസിഐക്ക് അപേക്ഷ നല്‍കും. എത്രയും വേഗം അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ മടങ്ങിയെത്തുകയെന്ന ലക്ഷ്യം മാത്രമാണ് തനിക്കുള്ളതെന്ന് ശ്രീശാന്ത് പറഞ്ഞു. ക്രിക്കറ്റിന്റെ ലോകത്തേക്ക് തിരികെ എത്താമെന്ന് അങ്കിത് ചവാനും പ്രതികരിച്ചു.
















