ന്യൂദല്‍ഹി: തന്റെ ഓക്‌സ്‌ഫോര്‍ഡ് പ്രസംഗത്തെ അഭിനന്ദിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ശശി തരൂരിന്റെ പ്രശംസ. മോദിയുടെ മഹാമനസ്‌കത ഉള്ളില്‍ത്തട്ടിയെന്ന് ശശി തരൂര്‍. പുകഴ്‌ത്താനുള്ള അദ്ദേഹത്തിന്റെ ഔദാര്യവും സ്പര്‍ശിച്ചു. എനിക്കു ലഭിച്ച മികച്ച വാക്കുകളാണിത്. പാര്‍ട്ടിക്കതീതമായി വ്യക്തികളെ ബഹുമാനിക്കാന്‍ കഴിയണം. വ്യത്യസ്തമായ രാഷ്‌ട്രീയാശയങ്ങളും വീക്ഷണങ്ങളും അതിനു തടസമാകരുതെന്നും തരൂര്‍ പറഞ്ഞു.
പ്രധാനമന്ത്രിയുടെ പ്രശംസയില്‍ രാഷ്‌ട്രീയം കാണേണ്ടതില്ലെന്നു വ്യക്തമാക്കിയ തരൂര്‍, സര്‍ക്കാരിനെതിരേയുള്ള കോണ്‍ഗ്രസിന്റെ നിലപാടുകള്‍ക്കൊപ്പമാണ് താനെന്നും വിശദീകരിച്ചു. വിവിധ വിഷയങ്ങളില്‍ എംപിമാര്‍ക്കു പരിശീലനം നല്‍കാന്‍ ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍ സംഘടിപ്പിച്ച സ്പീക്കേഴ്‌സ് റിസര്‍ച്ച് ഇനീഷ്യേറ്റീവിന്റെ ഉദ്ഘാടനച്ചടങ്ങിലാണ് തരൂരിനെ പ്രധാനമന്ത്രി പ്രശംസിച്ചത്. ഈ ചടങ്ങില്‍ പങ്കെടുത്ത ഏക കോണ്‍ഗ്രസ് എംപിയും തരൂര്‍.
















