ഹൈദരാബാദ്: രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ ചാര്‍ട്ടേഡ് അക്കൗണ്ടന്റെന്ന ബഹുമതി ഇനി ഹൈദരാബാദ് സ്വദേശിയായ നിശ്ചല്‍ നാരായണത്തിനു സ്വന്തം. 19ാം വയസ്സിലാണ് നാരായണം ഈ അപൂര്‍വ്വനേട്ടം കരസ്ഥമാക്കിയത്. രാജ്യത്തെ ഏറ്റവും കഠിനമായ പരീക്ഷകളിലൊന്നാണ് സിഎ.
ഒമ്പതാം വയസ്സില്‍ അമ്മ പത്മാവതിയാണ് നാരായണത്തിന്റെ കഴിവ് തിരിച്ചറിഞ്ഞത്. അതിനുശേഷം വിവിധ രാജ്യങ്ങളിലെ കണക്ക്, മെമ്മറി ടെസ്റ്റുകളിലും നാരാണയം പങ്കെടുത്ത് കഴിവ് തെളിയിച്ചിട്ടുണ്ട്. ഓര്‍മ്മ പരിശോധനയില്‍ ഡബിള്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ഉടമ കൂടിയാണ് ഈ പ്രതിഭ.
ഒസ്മാനിയ സര്‍വ്വകലാശാലയില്‍ നിന്നാണ് ഈ പ്രതിഭ ബികോം, എംകോം ബിരുദം കരസ്ഥമാക്കിയത്. അതേസമയം 21 വയസ്സില്‍ താഴെയുള്ളവരെ ചാര്‍ട്ടേഡ് അക്കൗണ്ടന്റായി എന്റോള്‍ ചെയ്യാന്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ഓഫ് ഇന്ത്യയുടെ വ്യവസ്ഥകള്‍ അനുവദിക്കുന്നില്ലെന്നത് നാരായണത്തിന് പ്രതിസന്ധി ഉയര്‍ത്തുന്നുണ്ട്.
















