പനജി: മുതലകള്‍ക്കും വിനോദയാത്രയൊക്കെയാകാം. ദൂരമൊന്നുമൊരു പ്രശ്‌നമല്ല. അതിനു തെരഞ്ഞെടുക്കുന്നത് കടലോരമാണെങ്കിലോ? ഗോവയില്‍ അതും സംഭവിച്ചു. വാസസ്ഥലത്തു നിന്ന് 185 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് മുതല കടലോരത്തെത്തി. പതിനൊന്നടിയുള്ള മുതലയെ ഗോവയിലെ മോര്‍ജിം ബീച്ചിലാണ് കണ്ടെത്തിയത്.
നിലേഷ് ബാഗ്കര്‍ എന്ന നാട്ടുകാരന്‍ രാവിലെ നടക്കാനിറങ്ങിയപ്പോഴാണ് മുതലയെ കണ്ടത്. അദ്ദേഹം അതിന്റെ ചിത്രം പകര്‍ത്തി. ഇതു കണ്ട് മൃഗസംരക്ഷണ വകുപ്പ് അധികൃതരാണ് മുതലയുടെ ചരിത്രം വെളിച്ചത്തുകൊണ്ടുവന്നത്. തലസ്ഥാനമായ പനജിയില്‍ നിന്ന് കിലോമീറ്ററുകള്‍ അകലെ ചപോറ നദീ മുഖത്താണ് ഇതിന്റെ വാസസ്ഥാനം. അവിടെ നിന്ന് ഏകദേശം 100 നോട്ടിക്കല്‍ മൈല്‍ (185 കിലോമീറ്റര്‍) സഞ്ചരിച്ചാണ് ഇത് മോര്‍ജിം ദ്വീപിലെത്തിയതെന്നും അവര്‍ സ്ഥിരീകരിച്ചു. പിന്നീട് തെരച്ചില്‍ നടത്തിയെങ്കിലും ഇതിനെ കണ്ടെത്താനായില്ല.
ഗോവയുടെ വിവിധ ഭാഗങ്ങളില്‍ ഇത്തരം മുതലകളെ കാണാറുണ്ട്. അവയില്‍ മിക്കതും ഉള്‍നാടുകളില്‍ നിന്ന് എത്തുന്നവ. മണ്ടോവി, സുവാരി നദികളുടെ തീരങ്ങളില്‍ ചതുപ്പു മുതലകള്‍ എന്നറിയപ്പെടുന്ന വിഭാഗമുണ്ടെന്നും ഇവയ്‌ക്ക് ഏതു പ്രതലത്തിലൂടെയും കിലോമീറ്ററുകള്‍ സഞ്ചരിക്കാന്‍ ശേഷിയുണ്ടെന്നും അധികൃതര്‍ പറയുന്നു. ഈ വിഭാഗത്തില്‍പ്പെട്ടവയാകാം ഇതെന്നും നിഗമനം. ഇവ 16 അടി വരെ വളരാമെന്നും, തൂക്കം 150 കിലോ വരെയാകാമെന്നും അധികൃതര്‍ പറയുന്നു.
















