കൊച്ചി: കേരളത്തിലെ കഴിവുള്ള കുട്ടികളെ കണ്ടെത്തി അവര്‍ക്ക് മികച്ച പരിശീലനം നല്‍കുകയാണ് ഫുട്ബോള്‍ സ്കൂളുകളിലൂടെ ബ്ലാസ്റ്റേഴ്സ് ലക്ഷ്യമിടുന്നതെന്ന് പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപന ചടങ്ങില്‍ ബ്ലാസ്റ്റേഴ്സ് ഫുട്ബോള്‍ സ്കൂള്‍ ഗ്രാസ്റൂട്ട് ടെക്നിക്കല്‍ ഡയറക്ടറായ ടെറി ഫെലാന് പറഞ്ഞു. ഫുട്ബോള്‍ ഫെസ്റ്റിവല്‍, സ്കൂള്‍ ഔട്ട് റീച്ച് പ്രോഗ്രാം തുടങ്ങിയവ സംഘടിപ്പിച്ചായിരിക്കും സ്കൂളുകളിലേക്കുള്ള താരങ്ങളെ തെരഞ്ഞെടുക്കകയെന്നും അദ്ദേഹം പറഞ്ഞു.
ഫുട്ബോള്‍ മികവുള്ള കുട്ടിതാരങ്ങളെ കണ്ടെത്തുന്നതിനായി ഐ.എസ്.എല്‍ ടീമായ കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോള്‍ ക്ലബ്ബ് തുടങ്ങുന്ന ഫുട്ബോള്‍ സ്കൂളിന്റെ ആദ്യ സെന്റര്‍ ആഗസ്ത് 11ന് കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിക്കും. ഗ്രാസ്റൂട്ട് പ്രോഗ്രാം പാര്‍ട്ട്ണറായ പ്രോഡിജി സ്പോര്‍ട്സുമായി ചേര്‍ന്നാണ് ബ്ലാസ്റ്റേഴ്സ് ഫുട്ബോള്‍ സ്കൂളുകള്‍ തുടങ്ങുന്നത്. ഈ വര്‍ഷം തന്നെ കോഴിക്കോട്, തിരുവനന്തപുരം, തൃശൂര്‍ എന്നിവിടങ്ങളിലും ഫുട്ബോള്‍ സ്കൂളുകള്‍ തുടങ്ങും. പ്രധാന സ്റ്റേഡിയങ്ങളും തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളും കേന്ദ്രീകരിച്ചായിരിക്കും ഫുട്ബോള്‍ സ്കൂളുകളുടെ പ്രവര്‍ത്തനം. ഫിഫയുടെ സഹായത്തോടെ പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കിയ അംബേദ്ക്കര്‍ സ്റ്റേഡിയത്തിലെ ആസ്ട്രോ ടര്‍ഫിലായിരിക്കും കൊച്ചിയിലെ പരിശീലനം.
സ്കൂള്‍ കുട്ടികള്‍ക്കും പരിശീലകര്‍ക്കുമുള്ള ജഴ്സിയുടെ പ്രകാശനം കേരള ഫുട്ബോള്‍ അസോസിയേഷന് പ്രസിഡന്റ് കെ.എം.ഐ മേത്തര്‍ക്ക് നല്കി അദ്ദേഹം നിര്‍വഹിച്ചു. പ്രോഡിജി സ്പോര്‍ട്സ് സി.ഇ.ഒ ശിവകുമാറും ചടങ്ങില്‍ പങ്കെടുത്തു.
നാലു സ്കൂളുകളിലായി 10-13 പ്രായപരിധിയിലുള്ള ഇരുനൂറോളം പേര്‍ക്കായിരിക്കും പ്രവേശനം. എ.ഐ.എഫ്.എഫ് ലൈസന്‍സ് നേടിയ കോച്ചുമാരുടെ കീഴില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലനമായിരിക്കും കുട്ടികള്‍ക്ക് സ്കൂളുകളില്‍ നല്‍കുക. കഴിഞ്ഞ ഏപ്രിലില്‍ പ്രോഡിജി സ്പോര്‍ട്സ് 41 സ്കൂള്‍ കായിക അധ്യാപകര്‍ക്ക് പരിശീലനം നല്കി ഗ്രാസ്റൂട്ട് കോച്ചുമാരായി നിയമിച്ചിരുന്നു. ടെറി ഫെലാനായിരിക്കും സ്കൂളുകളുടെ മേല്‍നോട്ടം വഹിക്കുക.
ഫുട്ബോള്‍ സ്കൂളൂകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കുട്ടികളെ ചേര്‍ത്ത് കേരള ബ്ലാസ്റ്റേഴ്സിന്റെ വിവിധ കാറ്റഗറിയിലുള്ള യൂത്ത് ടീമുകളും രൂപീകരിക്കും. ഇവര്‍ക്ക് പിന്നീട് ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ ടീമിലേക്കും ദേശീയ ടീമിലേക്കും വരാനുള്ള അവസരവുമൊരുക്കും. ഐ.എസ്.എല്‍ യങ് ചാമ്പ്സിന്റെ ഭാഗമായി കഴിഞ്ഞ ഏപ്രിലില്‍ കോഴിക്കോട്, തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലായി സംഘടിപ്പിച്ച ക്യാമ്പില്‍ നിന്ന് മുംബൈയിലെ അന്തിമ ക്യാമ്പിലേക്ക് സെലക്ഷന് ലഭിച്ച 21 താരങ്ങളെ സ്കൂളിലെ എലൈറ്റ് ബാച്ചിലേക്ക് പരിഗണിക്കും. ആറു മുതല്‍ പത്തു വയസു വരെയുള്ള കുട്ടികള്‍ക്ക് നിലവില്‍ ബ്ലാസ്റ്റേഴ്സ് ഗ്രാസ്റൂട്ട് പ്രോഗ്രാമില്‍ ഉല്‍പ്പെടുത്തിയിട്ടുണ്ട്.
സ്കൂളുകളിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവരില്‍ നിന്ന് പ്രതിമാസം രണ്ടായിരം രൂപ ഫീസിനത്തില്‍ ഈടാക്കും. കൂടാതെ ഓരോ വര്‍ഷവും കിറ്റിനും മറ്റുമായി അയ്യായിരം രൂപയും അടക്കണം. കഴിവുള്ള നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് ഫീസിനത്തില്‍ ഇളവ് നല്‍കും.
പ്രവേശനത്തിനും വിശദവിവരങ്ങള്‍ക്കും 0484-6556004, 98475 90769 നമ്പറുകളില്‍ ബന്ധപ്പെടാം.
















