ന്യൂജഴ്‌സി: സീസണിനു മുന്നോടിയായി അമേരിക്കന്‍ പര്യടനം നടത്തുന്ന സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയ്‌ക്ക് സൗഹൃദ ഫുട്‌ബോള്‍ ടൂര്‍ണമെന്റായ ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍സ്‌കപ്പില്‍ ജയത്തുടക്കം.
ജയം. മേജര്‍ സോക്കര്‍ ലീഗ് പ്രതിനിധി ലോസ് ആഞ്ചലസ് ഗാലക്‌സിയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ബാഴ്‌സ മറികടന്നു. ലൂയീസ് സുവാരസ് (45-ാം മിനിറ്റ്), റോബര്‍ട്ടോ (56) എന്നിവര്‍ കറ്റാലന്‍ ടീമിനുവേണ്ടി സ്‌കോര്‍ ചെയ്തു. ടോമി മെയര്‍ (90+) ഗാലക്‌സിയുടെ ആശ്വാസ ഗോളിനുടമ.
അര്‍ഹിച്ച ജയം തന്നെയായിരുന്നു ബാഴ്‌സലോണ നേടിയെടുത്തത്. തുടക്കം മുതല്‍ അവര്‍ എതിര്‍ ഗോള്‍ മുഖത്ത് സമ്മര്‍ദ്ദം ചെലുത്തി. പ്രതിരോധത്തില്‍ തട്ടിത്തെറിച്ച പന്തില്‍ ഇടംകാലന്‍ ഷോട്ട് തൊടുത്താണ് സുവാരസ് ബാഴ്‌സക്ക് മുന്‍തൂക്കം സമ്മാനിച്ചത്. ഗാലക്‌സിയുടെ തുറുപ്പുചീട്ടും ലിവര്‍പൂളില്‍ തന്റെ ടീം മേറ്റുമായിരുന്ന ഇംഗ്ലീഷ് സൂപ്പര്‍ താരം സ്റ്റീവന്‍ ജെറാഡുമായുള്ള സൗഹൃദ പരമായ മാറ്റുരയ്‌ക്കലില്‍ ജയിക്കാനും സുവാരസിനു കഴിഞ്ഞു.
രണ്ടാം പകുതിയില്‍ ഇരു ടീമുകളും കാര്യമായ മാറ്റങ്ങള്‍ വരുത്തി. സുവാരസ് അടക്കം ഏഴു കളിക്കാരെ ബാഴ്‌സ പിന്‍വലിച്ചു. ആന്ദ്രെ ഇനിയേസ്റ്റയും ജെറാഡ് പിക്വെയുമൊക്കെ പകരംവന്നു. എങ്കിലും കളിയുടെ ഒഴുക്കില്‍ ബാഴ്‌സ മാറ്റംവരുത്തിയില്ല. അതിന്റെ ഫലമെന്നോണം റോബര്‍ട്ടോയും (56) ക്ലോസ് റേഞ്ചിലൂടെ ലക്ഷ്യം കണ്ടു. പോസ്റ്റിനരുകില്‍ നിന്നുള്ള ഹെഡ്ഡറിലൂടെ ഗാലക്‌സിക്കുവേണ്ടി മെയര്‍ ബാഴ്‌സലോണയുടെ വല തുളയ്‌ക്കുമ്പോള്‍ മത്സരാന്ത്യം.
















