മുഹമ്മ(ആലപ്പുഴ): രാജ്യത്തിന്റെ യശസ്സ് വാനോളം ഉയര്‍ത്തി ഏഷ്യന്‍ പവര്‍ ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ ആലപ്പുഴ മുഹമ്മ സ്വദേശിനി എസ്. പി. ശ്രീക്കുട്ടിയുടെ മെഡല്‍ കൊയത്ത്.
ഹോങ്കോങ്ങില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ 57 കിലോ വിഭാഗത്തിലായിരുന്നു ശ്രീക്കുട്ടിയുടെ മെഡല്‍ വേട്ട. ബെഞ്ച്പ്രസില് വെള്ളിയും സ്കോട്ട്, ഡെഡ് വിഭാഗങ്ങളില്‍ വെങ്കലവും നേടാന്‍ ശ്രീക്കുട്ടിക്ക് കഴിഞ്ഞു.
മുഹമ്മ എബി വിലാസം ഹയര്‍ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ ശ്രീക്കുട്ടി പരിമിതമായ പരിശീലന സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 13 കായിക താരങ്ങളോട് പൊരുതി മെഡലുകള്‍ ഉറപ്പിച്ചത്.
നടുവേദനയും വീട്ടിലെ പരാധീനതയും അവഗണിച്ചാണ് ശ്രീക്കുട്ടി മല്‍സരത്തില്‍ പങ്കെടുത്തത്. കായികാധ്യാപകന് വി. സവിനയന്റെ ശിക്ഷണത്തിലാണ് നേട്ടങ്ങള്‍ കുറിച്ചത്.
രണ്ടുവര്‍ഷത്തിനുള്ളില്‍ ദേശീയ-സംസ്ഥാന മത്സരങ്ങളിലായി 30 ലേറെ സ്വര്‍ണം, വെള്ളി മെഡലുകള്‍ ശ്രീക്കുട്ടി നേടിയിട്ടുണ്ട്. മുഹമ്മ ചാണിവെളിയില്‍ ശിവപ്രസാദിന്റെയും ശ്രീദേവിയുടെയും മകളായ ശ്രീക്കുട്ടി ഏഷ്യന്‍ പവര്‍ ലിഫ്റ്റിങ് ചാമ്പ്യന്‍ ഷിപ്പില്‍ പങ്കെടുക്കുന്നത് ഇതാദ്യം.
എബി വിലാസം ഹയര്‍ സെക്കണ്ടറി സ്കൂളിലെ മറ്റൊരു വിദ്യാര്‍ത്ഥിനിയായ സി. അശ്വതി ഇന്ന് 63 കിലോ വിഭാഗത്തില്‍ മല്‍സരിക്കും.
ഒരു നാടിന്റെ സ്നേഹവായ്പ്പും സഹായവും ഏറ്റുവാങ്ങി കഴിഞ്ഞ 15നാണ് ശ്രീക്കുട്ടിയും അശ്വതിയും പരിശീലകന് സവിനയനോടൊപ്പം ഹോങ്കോങ്ങിലേയ്ക്ക് യാത്ര തിരിച്ചത്.
















