പാരീസ്: റേസിനിടെയുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച ഫ്രഞ്ച് ഫോര്‍മുലാ വണ്‍ ഡ്രൈവര്‍ ജൂള്‍സ് ബിയാഞ്ചിയുടെ മൃതദേഹം സംസ്കരിച്ചു. ജന്മനാടായ നൈസിലെ സെയ്ന്റ് റിപ്പറേറ്റ് കത്രെഡലില് നടന്ന സംസ്കാര ചടങ്ങില്‍ ബന്ധുക്കളും സുഹൃത്തുക്കളുമടക്കം നിരവധി പേര് സംബന്ധിച്ചു.
റേസിങ് ട്രാക്കിലെ സഹതാരങ്ങളായ ലൂയീസ് ഹാമില്ട്ടണ്, സെബാസ്റ്റ്യന്‍ വെറ്റല്‍, നിക്കോ റോസ്ബര്‍ഗ്, ഫിലിപ്പെ മാസെ, റൊമെയ്ന്‍ ഗ്രോസ്ജെയ്ന് തുടങ്ങിയവരും ബിയാഞ്ചിക്ക് അന്തിമോപചാരം അര്‍പ്പിക്കാനെത്തി.
കഴിഞ്ഞ വര്‍ഷം ജാപ്പനീസ് ഗ്രാന്‍ഡ് പ്രീയ്ക്കിടെയാണ് ബിയാഞ്ചിയുടെ ജീവനെടുത്ത അപകടം നടന്നത്. റേസിന്റെ 44-ാം ലാപ്പില്‍ നിയന്ത്രണംവിട്ട കാര്‍ ട്രാക്കിനു പുറത്തെ റിക്കവറി ട്രക്കില്‍ ഇടിക്കുകയായിരുന്നു.
തലയ്ക്ക് ഗുരുതര പരിക്കേറ്റ് ഒമ്പതുമാസം കോമയിലായിരുന്ന ബിയാഞ്ചി കഴിഞ്ഞ വെള്ളിയാഴ്ചയാണ് മരിച്ചത്.
















