പൂനെ: ഐഎസ്എല്‍ രണ്ടാം സീസണിന് തയ്യാറെടുക്കുന്ന പൂനെ സിറ്റി എഫ്‌സി രണ്ട് ഇംഗ്ലീഷ് താരങ്ങളെ കൂടി ടീമിലെടുത്തു. ഇംഗ്ലീഷ് പ്രതിരോധനിര താരം നിക്കി ഷോറെയും ഗോള്‍കീപ്പര്‍ സ്റ്റീവ് സിമോണ്‍സെനുമായാണ് ടീം അധികൃതര്‍ കരാര്‍ ഒപ്പിട്ടത്.
എവര്‍ട്ടന്റെയും സ്‌റ്റോക്ക് സിറ്റിയുടെയും ഷെഫീല്‍ഡ് യുണൈറ്റഡിന്റെയും താരമായിരുന്ന സിമോണ്‍സെന്‍ റേഞ്ചേഴ്‌സില്‍ നിന്നാണ് പൂനെ സിറ്റി എഫ്‌സിയിലേക്ക് എത്തുന്നത്. ഇംഗ്ലണ്ട് അണ്ടര്‍ 21 ടീമിലും സിമോണ്‍സെന്‍ കളിച്ചിട്ടുണ്ട്. 2004 മുതല്‍ 2010 വരെ സ്‌റ്റോക്ക് സിറ്റിയില്‍ അംഗമായിരുന്ന സിമോണ്‍സെന്‍ 187 മത്സരങ്ങള്‍ അവര്‍ക്ക് വേണ്ടി ഗോള്‍വല കാത്തിട്ടുണ്ട്. ഷെഫീല്‍ഡ് യുണൈറ്റഡിന് വേണ്ടി 108 കളികളിലും റേഞ്ചേഴ്‌സിന് വേണ്ടി 31 മത്സരങ്ങളിലും ഗോള്‍വല കാത്ത അനുഭവസമ്പത്തുമായാണ് സിമോണ്‍സെന്‍ ഐഎസ്എല്ലിന്റെ ഭാഗമാവാന്‍ എത്തുന്നത്.
ഇംഗ്ലീഷ് മൂന്നാം ഡിവിഷനില്‍ ലെയ്റ്റണ്‍ ഓറിയന്റിലൂടെ പ്രൊഫഷണല്‍ കരിയറിന് തുടക്കം കുറിച്ച നിക്കി ഷോറെ പോര്‍ട്‌സ് മൗത്തില്‍ നിന്നാണ് പൂനെ സിറ്റി എഫ്‌സിയിലേക്ക് വരുന്നത്. 2001 മുതല്‍ 2008 വരെ റീഡിങിന്റെയും പിന്നീട് 2008 മുതല്‍ 2010 വരെ ആസ്റ്റണ്‍വില്ലയുടെയും പ്രതിരോധക്കോട്ട കാത്ത 34കാരനായ നിക്കി ഇംഗ്ലണ്ടിന് വേണ്ടി രണ്ട് മത്സരങ്ങളിലും കളിച്ചിട്ടുണ്ട്. കരിയറില്‍ 7 വര്‍ഷം റീഡിങ്ങിന് വേണ്ടി ബൂട്ട് കെട്ടിയ നിക്കി ഷോറെ 296
മത്സരങ്ങളില്‍ നിന്ന് 13 ഗോളുകളും നേടിയിട്ടുണ്ട്. കൂടാതെ നോട്ടിങ്ഹാം ഫോറസ്റ്റ്, ഫുള്‍ഹാം, വെസ്റ്റ്‌ബ്രോംവിച്ച്, ബ്രിസ്‌റ്റോള്‍ സിറ്റി, പോര്‍ട്‌സ്മൗത്ത് എന്നീ ക്ലബുകള്‍ക്കു വേണ്ടിയും കളിച്ചതിന്റെ അനുഭവസമ്പത്തുമായാണ് നിക്കി ഷോറെ പൂനെ സിറ്റി എഫ്‌സിയുടെ പ്രതിരോധക്കോട്ട കെട്ടിപ്പൊക്കാനായി വരുന്നത്.
കഴിഞ്ഞ ദിവസം കോസ്റ്ററിക്കന്‍ സ്റ്റാര്‍ സ്‌ട്രൈക്കര്‍ ഹെന്‍ഡ്രിക് റൂയിസിനെയും പൂനെ സിറ്റി എഫ്‌സി സ്വന്തമാക്കിയിരുന്നു. ഇതിനിടെ സ്പാനിഷ് മധ്യനിരതാരം ജാവി ലാറയുമായി നിലവിലെ ചാമ്പ്യന്മാരായ അത്‌ലറ്റികോ ഡി കൊല്‍ക്കത്ത കഴിഞ്ഞ ദിവസം കരാര്‍ ഒപ്പുവെച്ചു.
സ്പാനിഷ് ലീഗ് ടീം ഐബറില്‍ നിന്നാണ് 29 കാരനായ ലാറ കൊല്‍ക്കത്തിലെത്തുന്നത്. കോര്‍ഡോബ അക്കാദമിയിലൂടെ കളിതുടങ്ങിയ ലാറ മുന്‍നിര ക്ലബ്ബുകളായ അല്‍മേരിയ, എല്‍ച്ചെ, വലന്‍സിയ ബി ടീം എന്നിവയ്‌ക്കായി കളിച്ചു. കഴിഞ്ഞസീസണില്‍ ഐബറിനായി 31 മത്സരങ്ങളില്‍ കളിക്കുകയും ഒരു ഗോള്‍ നേടുകയും ചെയ്തു.
















