മാഡ്രിഡ്: സ്‌പെയിനിലെ അഡോര്‍ നഗരത്തില്‍ ഉച്ചയുറക്കം നിര്‍ബന്ധമാക്കിക്കൊണ്ട് നിയമം. ഉച്ചയ്‌ക്കു രണ്ടു മുതല്‍ അഞ്ചുവരെ ആരെയും പേടിക്കാതെ ഉറങ്ങാം. മേയറാണു പ്രഖ്യാപനം നടത്തിയത്.
കടകള്‍, ബാറുകള്‍, സ്വിമ്മിങ് പൂളുകള്‍ തുടങ്ങി എല്ലാ സ്ഥാപനങ്ങളും ഉച്ചയ്‌ക്ക് രണ്ട് മണിമുതല്‍ വൈകിട്ട് അഞ്ചു മണിവരെ അടഞ്ഞു കിടക്കും. ഈ സമയത്തു കുട്ടികള്‍ പുറത്തിറങ്ങിക്കളിച്ച് ഒച്ചയുണ്ടാക്കി മുതിര്‍ന്നവരുടെ ഉറക്കംകളയരുതെന്നും നഗരസഭാ അധികൃതര്‍ അഭ്യര്‍ഥിക്കുന്നു. കുട്ടികള്‍ ഉറങ്ങുന്നുവെന്ന് രക്ഷിതാക്കള്‍ ഉറപ്പുവരുത്തണമെന്നും നിര്‍ദേശമുണ്ട്.
ഉച്ചയുറക്കത്തിന്റെ നാട് എന്നാണ് സ്‌പെയിന്‍ അറിയപ്പെടുന്നത്. എന്നാല്‍ ആദ്യമായിട്ടാണ് ഒരിടത്ത് ഇത് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്. കൃഷിയിടങ്ങളില്‍ തൊഴിലെടുക്കുന്നവര്‍ക്കുകൂടി വിശ്രമം ലഭിക്കാനാണ് നിയമം കൊണ്ടുവന്നതെന്ന് അഡോര്‍ മേയര്‍ ജൊവാന്‍ ഫോസ് വിടോറിയ പറഞ്ഞു.
















