ന്യൂദല്‍ഹി: ലോധാ കമ്മറ്റിയുടെ വിധിയും നിര്‍ദ്ദേശങ്ങളും പഠിക്കാനുള്ള സമിതിയിലേക്ക് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപറ്റന്‍ സൗരവ് ഗാംഗുലിയെയും ബിസിസിഐ ഉള്‍പ്പെടുത്തി. ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ലയാണ് സമിതിയുടെ തലവന്‍. ബിസിസിഐ സെക്രട്ടറി അനുരാഗ് താക്കൂര്‍, ട്രഷറര്‍ അനിരുദ്ധ് ചൗധരി എന്നിവരാണ് മറ്റ് അംഗങ്ങള്‍. ബിസിസിഐ ലീഗല്‍ അഡൈ്വസര്‍ യു എന്‍ ബാനര്‍ജി സമതിയ്‌ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കും. ആറാഴ്ചയാണു കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ട കാലാവധി.
വിധിയുടെ പ്രത്യാഘാതത്തെക്കുറിച്ചു അടിയന്തരമായി പഠിക്കുക, ഇതു ബോര്‍ഡിനു സൃഷ്ടിക്കാവുന്ന പ്രതിസന്ധിയെക്കുറിച്ചു പഠിക്കുക തുടങ്ങിയവയാണ് സമിതിയുടെ ചുമതലകള്‍. ചെന്നൈ സൂപ്പര്‍ കിങ്‌സിനെയും രാജസ്ഥാന്‍ റോയല്‍സിനെയും ഐപിഎല്ലില്‍നിന്നു രണ്ടുവര്‍ഷം വിലക്കിക്കൊണ്ട് ജസ്റ്റിസ് ആര്‍.എം. ലോധ സമിതി വിധി പ്രസ്താവിച്ചിരുന്നു. ഈ സാഹചര്യത്തിലെടുക്കേണ്ട നിലപാടുകളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനാണ് സമിതിയെ നിയോഗിച്ചത്.
















