കാഠ്മണ്ഡു: നേപ്പാള്‍ വീണ്ടും ഹിന്ദുരാഷ്‌ട്രമാകണമെന്ന ആവശ്യം ശക്തമാകുന്നു. രാഷ്‌ട്രീയ പ്രജന്ദര പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഇതിനായി പ്രക്ഷോഭവും ആരംഭിച്ചിട്ടുണ്ട്.
നേപ്പാളിനെ ഹിന്ദു രാഷ്‌ട്രമാക്കണമെന്ന ആവശ്യവുമായി രാഷ്‌ട്രീയ പ്രജന്ദരാ പാര്‍ട്ടി നടത്തിയ പ്രതിഷേധ റാലിക്കിടെ ഉപപ്രധാനമന്ത്രി പ്രകാശ് മാന്‍ സിങ്ങിനെതിരെ ചെരുപ്പേറുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.
പ്രതിഷേധ മാര്‍ച്ച് എത്തുമ്പോള്‍ മാന്‍ സിങ് പൊതുജനങ്ങളുമായി നേരിട്ട് ചര്‍ച്ചയില്‍ ഏര്‍പ്പെടുകയായിരുന്നു. പോലീസിടപെട്ട് പ്രതിഷേധക്കാരെ നീക്കി. എന്നാല്‍ ഇദ്ദേഹത്തിന് ചെരിപ്പേറില്‍ പരിക്കേറ്റിരുന്നോ എന്ന് വ്യക്തമല്ല.
നേപ്പാള്‍ ഒരു ഹിന്ദു രാജ്യമാണെന്നും, ഭാവിയിലും അത് അങ്ങനെതന്നെ തുടരണമെന്നുമാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നത്. ഭൂരിഭാഗം നേപ്പാളികളും ഹിന്ദുക്കളാണ്. വിദേശ ഇടപെടല്‍ മൂലമാണ് നേപ്പാളിനെ മതനിരപേക്ഷ രാജ്യമായി പ്രഖ്യാപിക്കേണ്ടിവന്നത്. ആവശ്യം നേടിയെടുക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നും രാഷ്‌ട്രീയ പ്രജന്ദരാ പാര്‍ട്ടി നേതാവ് മാധവ് ഭട്ടറായി വ്യക്തമാക്കി.
















