മൊണാക്കോ: വനിതകളുടെ 1500 മീറ്ററില്‍ 22 വര്‍ഷം പഴക്കമുണ്ടായിരുന്ന ലോക റെക്കോര്‍ഡ് തകര്‍ന്നു.
മൊണാക്കോ ഡയമണ്ട് ലീഗില്‍ മൂന്ന് മിനിറ്റ് 50.07 സെക്കന്റില്‍ ഫിനിഷ് ചെയ്ത എത്യോപ്യയുടെ ഗെന്സെബെ ദിബാെബ പുതിയ റെക്കോര്‍ഡിന് അവകാശിയായി.
1993ല്‍ ചൈനയുടെ ക്യു യുന്‍സിയ (3:50.46 സെക്കന്റ്) കുറിച്ച സമയം ഇതോടെ പഴങ്കഥ. 5000 മീറ്ററിലെ ലോക റെക്കോര്ഡുകാരിയും മൂന്നു തവണ ഒളിംപിക് സ്വര്‍ണ ജേത്രിയുമായ തിരുണേഷ് ദിബാബെയുടെ ഇളയ സഹോദരികൂടിയാണ് ഗെന്സെബെ.
പുരുഷന്മാരുടെ 1500 മീറ്ററില്‍ കെനിയന്‍ സൂപ്പര്‍ താരം അസ്ബെല്‍ കിപ്രോപ് (3:26.69 സെക്കന്റ്) സ്വര്‍ണമണിഞ്ഞു. അതേസമയം, ബ്രിട്ടന്റെ മൊ ഫറ നാലാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. പുരുഷ വിഭാഗം 100 മീറ്ററില്‍ അമേരിക്കയുടെ ജസ്റ്റിന് ഗാറ്റ്ലിന് (9.78 സെക്കന്റ്) സ്വന്തം നാട്ടുകാരനായ ടൈസന് ഗേയെ പിന്തള്ളി സ്വര്‍ണമണിഞ്ഞു.
പുരുഷ പോള്‍വോള്‍ട്ടില്‍ ഫ്രാന്‍സിന്റെ ലോക റെക്കോര്ഡുകാരന് റെനൗഡ് ലാവിലെനി (5.92 മീറ്റര്‍) ഒന്നാം സ്ഥാനമുറപ്പിച്ചു.
















