റിയോ ഡി ജനീറോ: ബ്രസീലിയന്‍ സൂപ്പര്‍താരം റൊബീഞ്ഞോ ചൈനീസ് ലീഗിലേക്ക് ചേക്കേറി. ബ്രസീലിയന്‍ ക്ലബ് സാന്റോസിന് വേണ്ടി വായ്‌പാടിസ്ഥാനത്തില്‍ കളിക്കുന്ന റൊബീഞ്ഞോ ചൈനീസ് ക്ലബ് ഗ്വാങ്ഷു എവര്‍ഗ്രാന്‍ഡെയിലേക്കാണ് കൂടുമാറിയത്. ആറുമാസത്തെ കരാറാണ് ക്ലബ് അധികൃതര്‍ താരവുമായി ഒപ്പിട്ടിരിക്കുന്നത്.
മുന്‍പ് റയല്‍ മാഡ്രിഡിനും മാഞ്ചസ്റ്റര്‍ സിറ്റിക്കും വേണ്ടി കളിച്ച റൊബീഞ്ഞോ എസി മിലാനില്‍ നിന്നാണ് വായ്‌പാടിസ്ഥാനത്തില്‍ കഴിഞ്ഞ വര്‍ഷം ബ്രസീലിയന്‍ ക്ലബ് സാന്റോസിലേക്ക് മാറിയത്. 2003 മുതല്‍ ബ്രസീല്‍ ദേശീയ ടീമില്‍ അംഗമായ റൊബീഞ്ഞോ ഇക്കഴിഞ്ഞ കോപ്പ അമേരിക്കയിലുള്‍പ്പെടെ 99 മത്സരങ്ങളില്‍ ദേശീയ ജേഴ്‌സിയണിഞ്ഞിട്ടുണ്ട്. മുന്‍പ് റയല്‍ മാഡ്രിഡിനായി 101 മത്സരങ്ങളിലും സിറ്റിക്കായി 41 കളികളിലും എസി മിലാനായി 108 കളികളിലും റൊബീഞ്ഞോ മൈതാനത്തിറങ്ങിയിട്ടുണ്ട്.
















