ഇസ്താംബുള്‍: ഹോളണ്ട് സ്‌ട്രൈക്കര്‍ റോബിന്‍ വാന്‍ പെഴ്‌സി ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് തുര്‍ക്കി ടീം ഫെനര്‍ബാഷെയിലേക്ക് കൂടുമാറി. കഴിഞ്ഞ ദിവസം ഫെനര്‍ബാഷെ ആസ്ഥാനത്തെത്തിയ വാന്‍ പെഴ്‌സിക്ക് ആരാധകര്‍ ഊഷ്മള വരവേല്‍പ്പ് നല്‍കി. മാന്‍.യുവിന്റെ മറ്റൊരു താരമായ നാനിയും കഴിഞ്ഞയാഴ്ച ഫെനര്‍ബാഷെയില്‍ ചേക്കേറിയിരുന്നു.
മൂന്നുവര്‍ഷം മുന്‍പ് 38 ദശലക്ഷം ഡോളറിനാണ് വാന്‍ പെഴ്‌സിയെ ആഴ്‌സനല്‍ ചുവന്ന ചെകുത്താന്‍മാര്‍ക്ക് കൈമാറിയത്. ആദ്യ സീസണില്‍ ഉശിരന്‍ ഫോമില്‍ കളിച്ച വാന്‍ പെഴ്‌സി 30 ഗോളുകളോടെ പ്രീമിയര്‍ ലീഗ് കിരീടം വീണ്ടെടുക്കാന്‍ മാഞ്ചസ്റ്റര്‍ പടയെ സഹായിച്ചിരുന്നു. എന്നാല്‍ പിന്നീടങ്ങോട്ടു നിറംമങ്ങി.
പരിക്കിന്റെ പിടിയിലായ ഡച്ച് സ്റ്റാര്‍ കഴിഞ്ഞ സീസണില്‍ 29 മത്സരങ്ങളില്‍ മാത്രമേ കളച്ചിരുന്നുള്ളു. സ്‌കോര്‍ ചെയ്തത് 10 ഗോളുകളും. ഈ സാഹചര്യത്തില്‍ താരത്തെ കൈവെടിയാന്‍ മാന്‍.യു നിര്‍ബന്ധിതരായി. ഒരുവര്‍ഷത്തെ കരാര്‍ അവശേഷിക്കെയാണ് വാന്‍ പെഴ്‌സി ലണ്ടന്‍ ക്ലബ്ബിനോട് വിടപറഞ്ഞത്.
















