കായിക ഭരണാധികാരികളും താരങ്ങളുമൊന്നും കളിയെക്കാള്‍ വലുതല്ല. ക്രിക്കറ്റായാലും ഫുട്ബോളായാലും ടെന്നീസായാലും അതല്ലെങ്കില്‍ മറ്റേതു കായിക ഇനമായാലും അതില്‍ മാറ്റമില്ല. അതടിവരയിടുന്നതായി ഗുരുനാഥ് മെയ്യപ്പനെയും രാജകുന്ദ്രയെയും കഴുത്തിനുപിടിച്ച് പുറത്തുതള്ളിയ ജസ്റ്റിസ് ലോധ കമ്മിറ്റി വിധി.
ക്രിക്കറ്റിനെ ജീവവായുവാക്കിയ ഒരു ജനതയോടുള്ള പ്രതിബദ്ധതയും അധികാരവും പണവും ഉപയോഗിച്ച് തെറ്റുകളെ ശരിയാക്കി വാഴുന്നവര്ക്കുള്ള മുന്നറിയിപ്പും അതിലൂടെ അടിവരയിടപ്പെട്ടു. കളിയുടെ മാന്യത നിലനിര്‍ത്താനുള്ള വ്യഗ്രതയും വിധിക്കുണ്ട്. മുന്‍ ബിസിസിഐ പ്രസിഡന്റ് എന്‍. ശ്രീനിവാസനേറ്റ കനത്ത തിരിച്ചടിയായും വിധിയെ വിലയിരുത്താം. ശ്രീനിവാസന് തെറ്റു മറച്ചുവെയ്ക്കാന്‍ സഹായിച്ചില്ലെന്ന് കോടതി പറഞ്ഞെങ്കിലും, ശിക്ഷിക്കപ്പെട്ടവരില്‍ ഒരാള്‍ അദ്ദേഹത്തിന്റെ മരുമകനാണ്.
2013 മലയാളി പേസര്‍ ശ്രീശാന്തും രാജസ്ഥാന് റോയല്‍സിലെ സഹതാരങ്ങളായ അജിത് ചന്ദില, അങ്കിത് ചവാന് എന്നിവര്‍ ദല്‍ഹി പോലീസിന്റെ പിടിയിലായതോടെയാണ് ഐപിഎല്ലുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന ഒത്തുകളി, വാതുവയ്പ്പുകള്‍ വെളിച്ചത്തുവന്നത്. ശ്രീശാന്തിനെ സുഹൃത്തിന്റെ വീട്ടില്‍ നിന്നും മറ്റുരണ്ടുപേരെയും മുംബൈയിലെ ഫഌറ്റില്‍ നിന്നുമായിരുന്നു അറസ്റ്റ് ചെയ്തത്. മത്സരത്തിനിടെ വാതുവയ്പ്പുകാര്‍ക്കുവേണ്ടി തത്സമയ ഒത്തുകളി നടത്തിയെന്നായിരുന്നു മൂവര്‍ക്കുമെതിരായ ആരോപണം. ഇതേത്തുടര്‍ന്ന് റോയല്‍സ് അവരുടെ കരാറുകള്‍ റദ്ദാക്കി. ബിസിസിഐ താരങ്ങളെ പുറത്താക്കുകയും ചെയ്തു. എന്നാല്‍ ശ്രീശാന്ത് അടക്കമുള്ളവരുടെ മേല്‍ മക്കോക്ക ചുമത്തിയ പോലീസ് നടപടി വിമര്‍ശന വിധേയമായി.
മക്കോക്ക ചുമത്താനുള്ള തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി കളിക്കാര്‍ക്ക് ജാമ്യം അനുവദിക്കുകയും ചെയ്തു. പക്ഷേ, സുനില്‍ ഭാട്ടിയ എന്ന ഒത്തുകളിക്കാരന്റെ അറസ്റ്റ് സംഭവങ്ങളുടെ ദിശമാറ്റി. ഐപിഎല്ലില്‍ ഒത്തുകളി ആഴത്തില്‍ വേരോടിയെന്ന സംശയങ്ങളിലേക്ക് അതു നയിച്ചു.
അധികം വൈകാതെ മറ്റൊരു വലിയ വാര്‍ത്തകേട്ട് ലോകം ഞെട്ടി. വിഖ്യാത ഗുസ്തിക്കാരനും നടനുമൊക്കെയായ ധാരാ സിങ്ങിന്റെ മകന് വിന്ധു ധാരാ സിങ് വാതുവയ്പ്പുകാരുമായുള്ള ബന്ധത്തിന്റെ പേരില്‍ അറസ്റ്റിലായി. വിന്ധുവിന്റെ അറസ്റ്റ് അന്വേഷണത്തെ വന്‍തോക്കുകളുടെ മുന്നില്കൊണ്ടെത്തിച്ചു. വിന്ധുവുമായുള്ള ടെലിഫോണ്‍ സംഭാഷണങ്ങളാണ് മെയ്യപ്പനെ കുടുക്കിയത്. 2013 ജൂണില്‍ രാജ് കുന്ദ്രയും പോലീസ് വിരിച്ചവലയില്‍ വീണു. തന്റെ സുഹൃത്തായ ഒത്തുകളിക്കാരന്‍ വഴി വാതുവയ്്പ്പ് നടത്തിയെന്ന് കുന്ദ്ര ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. വിവാദ കൊടുങ്കാറ്റില്‍ എന്‍. ശ്രീനിവാസന്റെ ബിസിസിഐ അധ്യക്ഷപദം കടപുഴകി.
ബിസിസിഐയും ശ്രീനിവാസനും സുപ്രീം കോടതിയുടെ രൂക്ഷമായ വിമര്‍ശനങ്ങള്‍ക്കും വിധേയമായി.തുടര്‍ന്ന് ഐപിഎല്‍ ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കാന്‍ പരമോന്നത കോടതി മുദ്ഗല്‍ കമ്മിറ്റിയെ നിയോഗിച്ചു. കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ ശിക്ഷാനടപടി.
















