ന്യൂദല്‍ഹി: ഇന്ത്യന്‍ നിയമങ്ങളില്‍ പഴുതുകളേറെ. അതു മുതലെടുക്കുന്നവരും ചില്ലറയല്ല. ഐപിഎല്‍ കേസിലെ വിധിയിലും അത്തരത്തിലെ വിടവുകളുടെ സാധ്യതകളുണ്ടോ?. ചെന്നൈ സൂപ്പര്‍ കിങ്‌സും രാജസ്ഥാന്‍ റോയല്‍സും അതിലൂടെ തടിതപ്പുമോ?. അങ്ങനെ ചില സംശയങ്ങളും അസ്ഥാനത്തല്ല. ഒത്തുകളിക്കും വാതുവെയ്‌പ്പിനും കൂട്ടുനിന്നതിന്റെ പേരിലാണ് സൂപ്പര്‍ കിങ്‌സ് ടീം മുന്‍ പ്രിന്‍സിപ്പല്‍ ഗുരുനാഥ് മെയ്യപ്പനെയും റോയല്‍സ് സഹ ഉടമ രാജ് കുന്ദ്രയെയും ആജീവനാന്തം വിലക്കിയത്.
ഫ്രാഞ്ചൈസികളെ രണ്ടുവര്‍ഷത്തേക്കു വിലക്കിയെങ്കിലും അതു കളിക്കാര്‍ ചെയ്ത തെറ്റിനല്ല. ടീം ഉടമയും ഒഫീഷ്യല്‍സുമാണ് കുറ്റക്കാര്‍. അതിനാല്‍ തന്നെ ടീമുകളുടെ ഉടമസ്ഥാവകാശം മാറ്റി പുതിയ പേരുമൊക്കെയിട്ട് ഇതേ സംഘത്തെ കളത്തിലിറക്കാനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല. മെയ്യപ്പനും രാജ് കുന്ദ്രയ്‌ക്കും ടീമുകളെ ഇറക്കാനാവില്ലെന്നു മാത്രമേ ലോധ കമ്മിറ്റി പറഞ്ഞിട്ടുള്ളു. ആ പഴുതു മുതലെടുക്കാനുള്ള ശ്രമങ്ങളുണ്ടായാല്‍ അതിശയമില്ലെന്നും സാരം.
















