ലണ്ടന്‍: സമകാലിക ടെന്നീസിലെ ചതുര്‍ശക്തികള്‍, സ്വിസ്റ്റര്‍ലന്റ് ഇതിഹാസം റോജര്‍ ഫെഡറര്‍, സ്പാനിഷ് കരുത്തന്‍ റാഫേല്‍ നദാല്‍, സെര്‍ബിയന്‍ സ്റ്റാര്‍ നൊവാക് ഡോക്കോവിച്ച്, ബ്രിട്ടീഷ് പ്രതിനിധി ആന്‍ഡി മുറെ. അവരില്‍ ആരാണ് കേമന്‍ എന്ന ചോദ്യത്തിന് ആര്‍ക്കും വ്യക്തമായൊരുത്തരം ഉണ്ടായിരുന്നില്ല. എന്നാല്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു തുടങ്ങിയിരിക്കുന്നു.
ഫെഡറര്‍ വിടവാങ്ങലിന്റെ വക്കത്താണ്, അനുപമമായ കരിയറില്‍ ഒരു ഗ്രാന്‍ഡ് സ്ലാം കൂടി ചേര്‍ത്തുവച്ചുള്ള മടക്കം ഫെഡെക്‌സ് മോഹിക്കുന്നു. സ്വിസ് മാസ്റ്റര്‍ക്ക് അതിനു സാധിച്ചേക്കാം. എന്നാലും സ്വരം നന്നായിരിക്കുമ്പോള്‍ പാട്ടുനിര്‍ത്തണമെന്ന ചിന്തയാവും ഫെഡററുടെ മനസില്‍. ഇനി നദാല്‍: പരിക്ക് ഊര്‍ജ്ജം ഊറ്റിയെടുത്ത റാഫ തിരിച്ചിറക്കത്തിലാണ്. മുറെയാകട്ടെ ഡോക്കോയോടുള്ള മനശാസ്ത്രപരമായ യുദ്ധത്തില്‍ തുടര്‍ച്ചയായി മുട്ടുകുത്തുന്നു. ടെന്നീസിലെ വരുംകാലം ഡോക്കോയുടെ ഏകാധിപത്യത്തിന്റേതാകുമോയെന്നു തോന്നിപ്പിക്കുന്ന സൂചനകള്‍.
തുടര്‍ച്ചയായ രണ്ടാം വിംബിള്‍ഡണ്‍ ഫൈനലിലും ഫെഡററെ വീഴ്‌ത്തിയശേഷം ഡോക്കോയുടെ ശരീരഭാഷ ആത്മവിശ്വാസത്തിന്റെ കൊടുമുടികയറിവന്റേതായിരുന്നു. മൂന്നാം വിംബിള്‍ഡണ്‍ കിരീടത്തിലേക്കുള്ള അവസാന ഷോട്ടുതിര്‍ത്തശേഷം ഡോക്കോയുടെ അലര്‍ച്ച സെന്റര്‍ കോര്‍ട്ടിനെ പിടിച്ചുകുലുക്കി. അതൊരു ഗര്‍ജ്ജനമായിരുന്നു, അപ്രമാദിത്യ പ്രഖ്യാപനം.
ബിഗ് ഫോറില്‍ വേറിട്ടുനില്‍ക്കാന്‍ ഡോക്കോ നടത്തിയ അക്ഷീണയത്‌നവും കാത്തുസൂക്ഷിച്ച സ്ഥിരതയും കണക്കുകളില്‍ തെളിഞ്ഞുകാണാം. ഡോക്കോയുടെ ഒമ്പത് ഗ്രാന്‍ഡ് സ്ലാം ജയങ്ങളില്‍ എട്ടും 2011നുശേഷമായിരുന്നു. കഴിഞ്ഞ മൂന്നുവര്‍ഷമായി ഒരു ഗ്രാന്‍ഡ് സ്ലാം ട്രോഫിപോലും ഷെല്‍ഫിലെത്തിക്കാന്‍ സാക്ഷാല്‍ ഫെഡററിന് സാധിച്ചില്ലെന്നോര്‍ക്കണം. മുറെ നേടിയ രണ്ടു ഗ്രാന്‍ഡ്സ്ലാമുകളില്‍ അവസാനത്തേത് 2013 വിംബിള്‍ഡണാണ്. 14 ഗ്രാന്‍ഡ് സ്ലാമുകള്‍ സ്വന്തമായുള്ള നദാല്‍ കരിയറിലെ ഏറ്റവും വലിയ താഴ്ചയിലേക്ക് വീഴുകയും ചെയ്തു. ഇനിയൊരു ഗ്രാന്‍ഡ് സ്ലാം നദാല്‍ സ്വന്തമാക്കുമോയെന്നു കടുത്ത ആരാധകര്‍പോലും സംശയിച്ചു തുടങ്ങിക്കഴിഞ്ഞു.
വിംബിള്‍ഡണ്‍ ഫൈനലില്‍ ഫെഡററെ തോല്‍പ്പിച്ച ഡോക്കോവിച്ച്, സ്വിസ് പ്രതിയോഗിയുമായുള്ള വിജയപരാജയ കണക്കില്‍ ഒപ്പമെത്തി (20-20). മുറെയോടുള്ള 27 മുഖാമുഖങ്ങളില്‍ 19ലും ജയം ഡോക്കോയ്‌ക്കൊപ്പമായിരുന്നു. നദാല്‍ മാത്രമേ നേര്‍പ്പോരുകളില്‍ ഡോക്കോയെ കടത്തിവെട്ടിയുള്ളു (23-21). എന്നാല്‍ അവസാന കളിച്ച ഏഴു മത്സരങ്ങളില്‍ ആറിലും നദാലിനുമേല്‍ ഡോക്കോ ജയം ഉറപ്പിക്കുകയുണ്ടായി. ഞായാറാഴ്ച രാവിലെ ജയത്തിലൂടെ ഗ്രാന്‍ഡ് സ്ലാം നേട്ടത്തിന്റെ കാര്യത്തില്‍ ഡോക്കോ പിന്തള്ളിയത് ഒരുപിടി മഹാരഥന്മാരെയാണ്. ഫ്രഡ്‌പെറി, കെന്‍ റോസ്‌വെല്‍, ജിമ്മി കോണേഴ്‌സ്, ഇവാന്‍ ലെന്‍ഡല്‍, ആന്ദ്രെ അഗാസി എന്നിവരെല്ലാം അതില്‍ ഉള്‍പ്പെടുന്നു. ഇനിയങ്ങോട്ട് ഡോക്കോവിച്ച് വാഴുമെന്ന് ഇതിഹാസ താരങ്ങളില്‍ ചിലര്‍ പ്രവചിച്ചുകഴിഞ്ഞു. ഇപ്പോഴത്തെ അവസ്ഥയില്‍ അവര്‍ മികച്ച ജോത്സ്യരാവാനാണ് സാധ്യത.
















