ചെന്നൈ: ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ താരങ്ങളായി ഹരിയാനയുടെ ധരംബീര്‍ സിംഗും കര്‍ണാടകയുടെ എച്ച്.എം. ജ്യോതിയും തെരഞ്ഞെടുക്കപ്പെട്ടു. ദേശീയ ചാമ്പ്യന്‍ ധരംബീര്‍ സിംഗ് 10.51 സെക്കന്റില്‍ പറന്നെത്തിയാണ് ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ പുരുഷ താരമായി മാറിയത്. ഒഡീഷയുടെ അമിയ കുമാര്‍ മാലിക് 10.58 സെക്കന്റില്‍ വെള്ളിയും ദല്‍ഹിയുടെ വികാസ് ഗുലിയ 10.65 സെക്കന്റില്‍ വെങ്കലവും നേടി. കേരള താരം സുജിത്ത് കുട്ടന് സെമിയല്‍ ഫൗള്‍ സ്റ്റാര്‍ട്ടിനെ തുടര്‍ന്ന് അയോഗ്യനാക്കപ്പെട്ടു. കഴിഞ്ഞ ദിവസം 200 മീറ്ററിലും പൊന്നണിഞ്ഞ ധരംബീര്‍ ഇതോടെ സ്പ്രിന്റ് ഡബിളിനും അര്‍ഹനായി.
വനിതകളില്‍ കര്‍ണ്ണാടകയുടെ എച്ച്.എം. ജോതിയാണ് വേഗതയേറിയ താരം. 11.87 സെക്കന്റില്‍ പറന്നെത്തിയാണ് ജ്യോതി വനിതകളില്‍ ഫാസ്റ്റസ്റ്റായത്. കേരളം അവസരം നല്‍കാതിരുന്ന മലയാളി താരം മെര്ലിന്. കെ. ജോസഫ് ഗുജറാത്തിന് വേണ്ടി ഇറങ്ങി വെള്ളിമെഡല്‍ അണിഞ്ഞു. 12.08 സെക്കന്റിലായിരുന്നു മെര്ലിന് ഫിനിഷ് ലൈന്‍ കടന്നത്. ദേശീയ ചാമ്പ്യനായിരുന്ന ദ്യൂതി ചന്ദ് 12.10 സെക്കന്റില്‍ വെങ്കലം നേടി.
നേരത്തെ 200 മീറ്ററില്‍ സ്വര്‍ണ്ണം നേടിയിരുന്ന ഒഡീഷയുടെ ശ്രബാനി നന്ദ സെമിയില്‍ ഫൗള്‍ സ്റ്റാര്‍ട്ടിനെ തുടര്‍ന്ന് അയോഗ്യയാക്കപ്പെട്ടു. കേരളത്തിനായി ഇറങ്ങിയ മഞ്ജു. കെ 6-ാം സ്ഥാനത്ത് ഫിനിഷ് ചെയ്തപ്പോള്‍ സിനി അലക്സ് ഏറ്റവും അവസാനമായാണ് ഫിനിഷ് ലൈന്‍ കടന്നത്.
















