ന്യൂദല്‍ഹി: ഐപിഎല്‍ ടീമുകളായ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെയും രാജസ്ഥാന്‍ റോയല്‍സിന്റെയും ഭാവി നാളെയറിയാം. 2013 ഐപിഎല്ലുമായി ബന്ധപ്പെട്ട ഒത്തുകളി, വാതുവെയ്‌പ്പ് കേസില്‍ സുപ്രീം കോടതി കുറ്റക്കാരാണെന്നു കണ്ടെത്തിയ സൂപ്പര്‍ കിങ്‌സ് ടീം പ്രിന്‍സിപ്പല്‍ ഗുരുനാഥ് മെയ്യപ്പനും രാജസ്ഥാന്‍ റോയല്‍സ് സഹ ഉടമ രാജ് കുന്ദ്രയ്‌ക്കും പ്രത്യേക സമിതി ചൊവ്വാഴ്ച ശിക്ഷവിധിക്കും. ടീമുകളെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താക്കണമോ വേണ്ടയോ എന്നും സമിതി തീരുമാനിക്കും.
ബിസിസിഐ മുന്‍ പ്രസിഡന്റ് എന്‍. ശ്രീനിവാസന്റെ മരുമകന്‍ കൂടിയായ മെയ്യപ്പനും കുന്ദ്രയ്‌ക്കും ഒത്തുകളിയില്‍ പങ്കുണ്ടെന്ന് സുപ്രീം കോടതി കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ഇവര്‍ക്കുള്ള ശിക്ഷ നിശ്ചയിക്കാന്‍ സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ആര്‍.എം. ലോധ അധ്യക്ഷനായ സമിതിയെ നിയോഗിച്ചത്. വിരമിച്ച ജഡ്ജിമാരായ ജസ്റ്റിസ് അശോക് ഭാന്‍, ആര്‍.വി. രവീന്ദ്രന്‍ എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍. കേസിന്റെ എല്ലാവശങ്ങളും പരിശോധിച്ച് ശിക്ഷ വിധിക്കാന്‍ ആറു മാസത്തെ സമയം സമിതിക്ക് അനുവദിച്ചിരുന്നു.
















