ധാക്ക: ബംഗ്ലാദേശ് വമ്പന്മാരെ വിടാന്‍ ഭാവമില്ല. പാക്കിസ്ഥാനെയും ഇന്ത്യയെയും തരിപ്പണമാക്കിയ ബംഗ്ലാദേശ് ഇക്കുറി ദക്ഷിണാഫ്രിക്കയെയാണ് നിലംപരിശാക്കിയത്. രണ്ടാം ഏകദിനത്തില്‍
ദക്ഷിണാഫ്രിക്കയെ ഏഴു വിക്കറ്റിനാണു ബംഗ്ലാദേശ് തകര്‍ത്തത്. 88 റണ്‍സെടുത്ത സൗമ്യ സര്‍ക്കാരാണു വിജയശില്പി. മഹമ്മദുള്ള 50 റണ്‍സോടെ സര്‍ക്കാരിനു പിന്തുണ നല്കി. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 46 ഓവറില്‍ 162 റണ്‍സിനു പുറത്തായി. ഡു പ്ലെസി(41) മാത്രമാണു സന്ദര്‍ശക നിരയില്‍ പിടിച്ചുനിന്നത്. ബംഗ്ലാദേശിനായി മുസ്താഫിസുര്‍ റഹ് മാന്‍, നാസര്‍ ഹൂസൈന് എന്നിവര്‍ മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ റൂബെല്‍ ഹുസൈന് രണ്ടു വിക്കറ്റ് വീഴ്ത്തി.
162 എന്ന ചെറിയ ലക്ഷ്യം മറികടക്കാനിറങ്ങിയ ആതിഥേയര്‍ക്ക് പെട്ടെന്നുതന്നെ രണ്ട് വിക്കറ്റ് നഷ്ടമായി. പിന്നീട് സൗമ്യ സര്‍ക്കാരും മഹമ്മദുള്ളയും ചേര്‍ന്നെടുത്ത 135 റണ്‍സ് കൂട്ടുകെട്ട് ബംഗ്ലാദേശിനെ വിജയതീരത്തെത്തിച്ചു. ഇമ്രാന് താഹിറിനെ സിക്സര്‍ പറത്തിയാണ് സൗമ്യ സര്‍ക്കാര്‍ ബംഗ്ലാദേശിനു വിജയം സമ്മാനിച്ചത്. ആദ്യ ഏകദിനം ദക്ഷിണാഫ്രിക്ക വിജയിച്ചിരുന്നു.
















