കാര്‍ഡിഫ്: ആഷസ് ക്രിക്കറ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഓസ്ട്രേലിയ ചാരം. 169 റണ്‍സിന്റെ തകര്‍പ്പന്‍ ജയത്തോടെ ഇംഗ്ലണ്ട് 1-0ന് മുന്നിലെത്തി. ഇംഗ്ലണ്ട് മുന്നില്‍വച്ച 412 എന്ന വമ്പന്‍ ലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ ഓസീസ് നാലാം ദിനം 242ന് പുറത്തായി. സ്കോര്‍: ഇംഗ്ലണ്ട്- 430, 289. ഓസീസ്- 308, 242.
ആതിഥേയരുടെ പേസ് -സ്പിന്‍ ആക്രമണങ്ങള്‍ക്കു മുന്നില്‍ ഓസ്ട്രേലിയ അമ്പേ ചൂളിപ്പോയി. മൂന്നു വിക്കറ്റ് വീതം പിഴുത സ്റ്റ്യുവര്‍ട്ട് ബ്രോഡും മൊയീന്‍ അലിയും കംഗാരുവധത്തിന് ചുക്കാന്‍ പിടിച്ചു. മാര്‍ക്ക് വുഡും ജോ റൂട്ടും (രണ്ടുവിക്കറ്റ് വീതം) അവര്‍ക്ക് മികച്ച പിന്തുണ നല്കി.
ഓസീസ് നിരയില്‍ മിച്ചല്‍ ജോണ്‍സനും (77), ഡേവിഡ് വാര്‍ണറും (52) മാത്രമേ പൊരുതിയുള്ളു. ക്രിസ് റോജേഴ്സ് (10), സ്റ്റീവന്‍ സ്മിത്ത് (33), ക്യാപ്ടന് മൈക്കല്‍ ക്ലാര്‍ക്ക് (4), ആദം വോജസ് (1), ഷെയ്ന് വാട്സന് (19), ബ്രാഡ്് ഹാഡിന് (7) തുടങ്ങിയവരെല്ലാം പ്രതിരോധിക്കാന്‍പോലും മെനക്കെടാതായപ്പോള് ഓസ്ട്രേലിയ കനത്ത തോല്‍വി വഴങ്ങി. ജോ റൂട്ട് മാന്‍ ഓഫ് ദ മാച്ച്.
















