ധാക്ക: ബംഗ്ലാദേശിലെ മൈമെന്‍സിംഗ് പട്ടണത്തില്‍ വെള്ളിയാഴ്ച സക്കാത്തുവാങ്ങുന്നതിനിടയിലുണ്ടായ തിരക്കില്‍പ്പെട്ട് 27 പേര്‍ മരിച്ചു. 50 പേര്‍ക്ക് പരിക്കേറ്റു. റംസാനോടനുബന്ധിച്ച് സക്കാത്തായി ( ധനികര്‍ പാവപ്പെട്ടവര്‍ക്ക് നല്‍കുന്ന ദാനവസ്തുക്കള്‍) ലഭിക്കുന്ന വസ്ത്രങ്ങള്‍ വാങ്ങാനായി പ്രദേശത്തുള്ള ഒരു ഫാക്ടറിയ്‌ക്ക് മുന്നില്‍ തടിച്ചു കൂടിയവരാണ് അപകടത്തില്‍പ്പെട്ടതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
നൂറുകണക്കിന് ആളുകളാണ് സക്കാത്ത് വാങ്ങുന്നതിന് എത്തിയിരുന്നത്. ഫാക്ടറിയിലേക്ക് പ്രവേശിക്കുന്നതിന് ചെറിയൊരു ഗേറ്റ് മാത്രമാണുള്ളത്. ഇതിലൂടെ പ്രവേശിക്കുന്നതിനിടെ തിക്കിലും തിരക്കിലും പെട്ട് നിരവധിപ്പേര്‍ താഴെവീഴുകയായിരുന്നു. സ്ത്രീകളാണ് മരിച്ചവരില്‍ അധികവുമെന്ന് പൊലീസ് പറഞ്ഞു.
സക്കാത്ത് വാങ്ങാന്‍ ധാരാളം ജനങ്ങള്‍ എത്തിയതാണ് ഉന്തും തള്ളും ഉണ്ടാകാന്‍ കാരണമെന്ന് പോലീസ് പറഞ്ഞു. മരണസഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.സംഭവത്തില്‍ പരിക്കേറ്റ പലരുടെയും നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
സംഭവത്തില്‍ ഫാക്ടറി ഉടമയടക്കം ഏഴുപേരെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. പാവങ്ങള്‍ക്ക് വസ്ത്രങ്ങള്‍ സൗജന്യമായി നല്‍കുമെന്ന് ഫാക്ടറി ഉടമകള്‍ അറിയിച്ചതിനെ തുടര്‍ന്ന് 1500 ഓളം പേരാണ് ഫാക്ടറിക്കു മുന്നില്‍ ഒത്തുകൂടിയിരുന്നതെന്ന് പോലീസ് പറഞ്ഞു
















