ന്യൂദല്‍ഹി: ഭൂമിതട്ടിപ്പ് കേസില്‍ ആം ആദ്മി പാര്‍ട്ടിയുടെ കോണ്ട്‌ലിയില്‍ നിന്നുള്ള എംഎല്‍എ മനോജ് കുമാറിനെ പോലീസ് അറസ്റ്റു ചെയ്തു. ഇയാള്‍ക്കെതിരെ വഞ്ചനാക്കുറ്റം ഉള്‍പ്പെടെ നാലു കേസുകളില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്നാണ് അറസ്റ്റ്.
വസ്തു കച്ചവടത്തില്‍ തന്നെ വഞ്ചിച്ചുവെന്നാരോപിച്ച് ബിസിനസ് പാര്‍ട്ട്ണറായ വിനോദ് കുമാര്‍ മനോജിനെതിരെ കഴിഞ്ഞ മെയ് മാസത്തില്‍ കേസ് നല്‍കിയിരുന്നു. 2012 ല്‍ തന്റെ സ്ഥലം വിനോദിന് നല്‍കാമെന്ന് പറഞ്ഞ് ആറ് ലക്ഷം രൂപ വാങ്ങിയതിനു ശേഷം വഞ്ചിച്ചുവെന്നാണ് മനോജിനെതിരെയുള്ള ഒരു കേസ്.
യഥാര്‍ത്ഥത്തില്‍ സ്ഥലം മനോജിന്റേതല്ലായിരുന്നെന്നും രേഖകള്‍ വ്യാജമായിരുന്നെന്നും വിനോദ് കുമാര്‍ പരാതിപ്പെട്ടിരുന്നു. കഴിഞ്ഞ ജൂലൈയില്‍ ജിടിബി ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയതിനും മനോജ് കുമാറിന്റെ പേരില്‍ കേസുണ്ട്. ന്യൂ അശോക് നഗര്‍ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയ ഇയാളെ പോലീസ് ചോദ്യം ചെയ്യുകയാണ്.
















