ഭാര്യ പ്രസവിച്ചു. നല്ല ആരോഗ്യമുള്ള ഒരാണ്‍കുട്ടി. വലിയ സന്തോഷമായി. കുട്ടിയുടെ പഠിത്തക്കാര്യങ്ങള്‍ക്കും മറ്റുമായി പണം സൂക്ഷിച്ചുവയ്‌ക്കുവാന്‍ തുടങ്ങി. കഷ്ടപ്പെട്ടു ജോലിചെയ്തും കൈക്കൂലി വാങ്ങിയും പണം സമ്പാദിക്കുവാന്‍ തീരുമാനിച്ചു. കുട്ടിക്കു പ്രായമായപ്പോള്‍ അവനെ സ്‌കൂളില്‍ ചേര്‍ത്തു. വീട്ടില്‍നിന്നും മകന്‍ പോയിക്കഴിഞ്ഞാല്‍ പിന്നെ അവനെക്കുറിച്ചു മാത്രമാണ് ചിന്ത. മകന്‍ എവിടെയെങ്കിലും വീണു കാണുമോ, ആരെങ്കിലും ഉപദ്രവിക്കുമോ കുട്ടി തിരിച്ചെത്തുന്നതുവരെയും സ്വസ്ഥതയില്ല. കുട്ടി വലുതാകുന്തോറും അവന്റെ ദുശ്ശാഠ്യവും കുസൃതിയും വര്‍ദ്ധിച്ചുവന്നു.
മാതാപിതാക്കളെ അനുസരിക്കാതെയായി. പഠിത്തത്തില്‍ തീരെ ശ്രദ്ധയില്ലാതെയായി. ഇപ്പോള്‍ അവന്റെ ഭാവിയെക്കുറിച്ചായി ചിന്ത മുഴുവന്‍. വളര്‍ച്ചയ്‌ക്കനുസരിച്ച് അവന്റെ ദുഃസ്വഭാവങ്ങളും വളര്‍ന്നതേയുള്ളൂ. സ്‌കൂളില്‍നിന്നു ദിവസവും മകനെക്കുറിച്ചുള്ള അദ്ധ്യാപകരുടെയും കുട്ടികളുടെയും പരാതികേട്ട് അച്ഛനുമമ്മയും മടുത്തു. കോളേജില്‍ എത്തിയതേടെ മദ്യപാനവും തുടങ്ങി. വീട്ടില്‍ ഒച്ചപ്പാടും ബഹളവും സൃഷ്ടിച്ചു. പണം വാങ്ങുന്നതു നിത്യസംഭവമായി. മാതാപിതാക്കളെ ശകാരിക്കുന്നതു പോകട്ടെ, ഉപദ്രവിക്കാനും മടിയില്ലാതെയായി. മകന്‍ കോളേജില്‍നിന്നും വരുന്ന സമയത്ത് അച്ഛനുമമ്മയ്‌ക്കും പേടിയാണ്.
സമ്പത്തുകള്‍ ഓരോന്നായി മകന്‍ വിറ്റു നശിപ്പിച്ചു. ഒരുദിവസം പണം നല്‍കുവാന്‍ വിസമ്മതിച്ചപ്പോള്‍ അച്ഛനെയും അമ്മയെയും അവന്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തി. ജീവന്‍ നഷ്ടപ്പെടുമോ എന്നു ഭയന്നു സമ്പത്തു മുഴുവന്‍ നഷ്ടമായ അവര്‍ കടം വാങ്ങി മകന്‍ ആവശ്യപ്പെട്ടതെല്ലാം നല്‍കി.
കടം വാങ്ങിയതു തിരിച്ചു നല്‍കുവാന്‍ കഴിയാതെ വന്നപ്പോള്‍ നാട്ടുകാരും അവരെ വെറുത്തു, കടം കൊടുക്കാതെയായി. മാതാപിതാക്കളെക്കൊണ്ടു യാതൊരു പ്രയോജനവുമില്ലെന്നു മനസ്സിലായപ്പോള്‍ പുത്രനൊടുവില്‍ അവരെ ഉപേക്ഷിച്ചുപോയി. മകനു വേണ്ടിയാണ് അവര്‍ ജീവിച്ചത്. പക്ഷേ മകനും നഷ്ടമായി. നാട്ടുകാരും വെറുത്തു. അവര്‍ക്കു കരയുവാന്‍ മാത്രമേ കഴിഞ്ഞുള്ളൂ. ജീവിതത്തില്‍ നിരാശ മാത്രമായി. ഭൗതികസുഖം മാത്രം ആഗ്രഹിച്ചുപോയാല്‍ അതിലെ ദുഃഖംകൂടി അനുഭവിക്കുവാന്‍ തയ്യാറാകണം.
















