635. ശുക്രപ്രിയാ – തത്തയെ ഇഷ്ടപ്പെടുന്നവള്‍. ഒരു തത്തയെ കൈയില്‍ വച്ചു ലാളിക്കുന്ന രീതിയിലാണ് അവതരിപ്പിക്കുന്നത്. കാളിദാസന്‍ ശ്യാമളാദണ്ഡകത്തില്‍ ”സര്‍വവിദ്യാവിശേഷാത്മകള്‍ ചാടുഗാഥാസമുച്ചാരണം കണ്ഠമുലോല്ലസദ് വര്‍ണ്ണരാജിത്രയം കോമളം ശ്യാമളോദാരപക്ഷദ്വയം തുണ്ഡശോഭാവിദുരീഭവത്കിംശുകം തം ശുകം ലാളയന്തീ പരിക്രീഡസേ” (എല്ലാ വിദ്യാവിശേഷങ്ങളും രൂപം പൂണ്ടതും മധുരമായി ഗാനം ആലപിക്കുന്നതും കഴുത്തില്‍ പ്രകാശിക്കുന്ന മൂന്നു വര്‍ണരേഖകളുള്ളതും മാര്‍ദ്ദവവും ശ്യാമളവര്‍ണ്ണവുമുള്ള രണ്ടു ചിറകുകളുള്ളതും പ്ല്ാശിന്റെ പൂമൊട്ടിനെക്കാള്‍ ശോഭയുള്ള ചുണ്ടുകളുള്ളതുമായ ശുകത്തെ ലാളിച്ചു നിന്തുരുവടി കളിക്കുന്നു.) മലയാളത്തില്‍ രാമായണവും ഭാരതവും ഭാഗവതവും എഴുത്തച്ഛനെ പാടികേള്‍പ്പിച്ച തത്ത ശ്യാമളാദേവിയുടെ കൈയ്യിലുള്ള തത്തയാണെന്നും അഭിപ്രായമുണ്ട്.
636. വീണാവതീ – വീണ കൈയ്യിലുള്ളവള്‍. സംഗീതയോഗിനിയായ ദേവി വീണവായനയില്‍ രസിക്കുന്നവളാണ്. കാളിദാസ മഹാകവി ശ്യാമളാദണ്ഡകം ആരംഭിക്കുന്നത് ”മാണിക്യവീണാം ഉപലാളയന്തീം” എന്നു തുടങ്ങുന്ന ധ്യാനശ്ലോകത്തോടെയാണ്. ദേവിയുടെ പരിവാര ദേവിമാരില്‍ പലരും യുദ്ധഭൂമിയിലെത്തുന്നത് ആയുധങ്ങളോടൊപ്പം വീണയും മറ്റു സംഗീതോപകരണങ്ങളും കൈയിലേന്തിയാണ്.
637. വൈണികീ – വീണ വായിക്കുന്നവള്‍. സംഗീതയോഗിനിയായ ശ്യാമളാദേവിക്ക് വീണ അലങ്കാരവും സംഗീതോപകരണവുമാണ്. ദേവിയുടെ വീണാനാദത്തില്‍നിന്നാണ് വേദങ്ങളും ശാസ്ത്രങ്ങളും സുകുമാരകലകളും ഉണ്ടായതെന്നാണ് ആചാര്യമതം. ആ വീണാനാദമാണ് ശബ്ദബ്രഹ്മത്തിന്റെ ആദ്യരൂപമെന്നും അതില്‍നിന്നാണ് ബ്രഹ്മാണ്ഡമണ്ഡലങ്ങള്‍ രൂപം പൂണ്ടതെന്നും അഭിപ്രായമുണ്ട്.
…തുടരും
















