ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ രണ്ട് മാസത്തെ വൈദ്യുതി ബില്ല് ഒരു ലക്ഷം രൂപ. വിവേക് ഗാര്‍ഗ് എന്ന വിവരാവകാശ പ്രവര്‍ത്തകനാണ് കേജ്‌രിവാളിന്റെ വീടിന്റെ വൈദ്യുതി ബില്ലിനെ സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്.
കേജ്‌രിവാളിന്റെ സിവില്‍ ലൈന്‍സിലെ വീടിനാണ് ഭീമന്‍ ബില്ല്. കേജ്‌രിവാളിന്റെ വസതിയില്‍ രണ്ട് വൈദ്യുതി മീറ്ററുകളാണുളളത്. ഒന്നിന് 55,000 രൂപയും അടുത്തതിന് 48,000 രൂപയുമടക്കം മൊത്തം ബില്ല് 1,03,000 രൂപയാണ് വരുന്നതെന്നും വിവരാവകാശ രേഥയില്‍ പറയുന്നു. എന്നാല്‍,സിവില്‍ ലൈന്‍സ് വസതിയിലേക്ക് മാറും മുമ്പ് എ.സികള്‍ അടക്കം അധികമായി ഘടിപ്പിച്ചിരിക്കുന്ന വൈദ്യുതോപകരണങ്ങള്‍ എടുത്തുമാറ്റണമെന്ന് കേജ്‌രിവാള്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അത് പാലിക്കപ്പെട്ടില്ല.
അതേസമയം, ദല്‍ഹിയില്‍ മന്ത്രിമാരുടെയും ഉയര്‍ന്ന ഉദ്യോഗസ്ഥരുടെയും വൈദ്യുതി ഉപയോഗം കൂടുതലാണെന്നും ബില്ലിനായി ലക്ഷങ്ങളാണ് ചെലവഴിക്കുന്നതെന്നു ആരോപണം ഉയര്‍ന്നിട്ടുണ്ട്.്
നേരത്തെ ഷീല ദീക്ഷിത് മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ അവര്‍ താമസിച്ചിരുന്ന ല്യൂട്ടണ്‍സ് ബംഗ്ലാവില്‍ 31 എസികളും 15 ഡസേര്‍ട്ട് കൂളറുകളും 16 എയര്‍ പ്യുരിഫയറുകളും 12 ഗെയ്‌സറുകളും പ്രവര്‍ത്തിച്ചിരുന്നുവെന്ന് ഒരു വിവരാവകാശ മറുപടിയില്‍ വ്യക്തമായിരുന്നു. ഒരു ടണ്ണിന്റെ ഒരു സ്പ്ലിറ്റ് എസി ഏഴ് മണിക്കൂര്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ ബില്‍ തുക 900 രൂപ ആകുമായിരുന്നു എന്നും വിവരാവകാശ മറുപടിയില്‍ വ്യക്തമായിരുന്നു.
















