ബെംഗളൂരു: കര്‍ഷ ആത്മഹത്യാ പ്രശ്‌നമുയര്‍ത്തി കര്‍ണാടക നിയമസഭയില്‍ ബിജെപി നേതൃത്വത്തിലെ പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധം. സിദ്ധരാമയ്യ നയിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നിരുത്തരവാദപരമായ നിലപാടുമൂലം ജീവന്‍വെടിയുകയല്ലാതെ കര്‍ഷകര്‍ക്ക് മറ്റു പോംവഴികളൊന്നുമില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു.കര്‍ഷകരുടെപ്രശ്‌നങ്ങള്‍ പരിഹരിക്കാതെ യാതൊരു ചര്‍ച്ചകള്‍ക്കുമില്ലെന്ന് പ്രതിപക്ഷാംഗങ്ങള്‍ വ്യക്തമാക്കിയതോടെ വര്‍ഷകാല സമ്മേളനത്തിന്റെ ഒന്നാംദിനം ബഹളത്തില്‍ മുങ്ങി.
അടുത്തിടെ അന്തരിച്ച എംഎല്‍എമാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചതിനുപിന്നാലെ പ്രതിപക്ഷ നേതാവ് ജഗദീഷ് ഷെട്ടാറാണ് സഭയില്‍ വിഷയം അവതരിപ്പിച്ചത്.ബെല്‍ഗാവി ജില്ലയിലെ കരിമ്പ് കര്‍ഷകര്‍ക്ക് മില്ലുടമകള്‍ പണം നല്‍കുന്നില്ല. സാമ്പത്തിക പ്രശ്‌നങ്ങള്‍ താങ്ങാനാവാതെ കര്‍ഷകര്‍ ആത്മഹത്യയ്‌ക്ക് നിര്‍ബന്ധിതരാവുകയാണ്, ഷെട്ടാര്‍ പറഞ്ഞു.
കൃഷിക്കാരുടെ കാര്യത്തില്‍ നിരുത്തരവാദപരവും അലക്ഷ്യവുമായ നിലപാടാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സിദ്ധരാമയ്യ ഭരണകൂടം തയ്യാറാകുന്നില്ല. ഈ സാഹചര്യത്തില്‍ കര്‍ഷകര്‍ക്ക് ജീവന്‍വെടിയുകയല്ലാതെ മറ്റുവഴികളില്ല, ഷെട്ടാര്‍ ചൂണ്ടിക്കാട്ടി. 960 കോടിയുടെ കുടിശിക അടിയന്തരമായി കര്‍ഷകര്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ബിജെപിയും ജനതാദള്‍ എസ്സും ഒരേ സ്വരത്തില്‍ ആവശ്യപ്പെട്ടു.
ബഹളം അവസാനിപ്പിക്കണമെന്നും ചോദ്യോത്തരവേളയ്‌ക്കുശേഷം വിഷയം ചര്‍ച്ച ചെയ്യാന്‍ സമയം അനുവദിക്കാമെന്നും സ്പീക്കര്‍ കെ.തിമ്മപ്പ അറിയിച്ചു.
എന്നാല്‍ കരിമ്പ് കര്‍ഷകര്‍ക്ക് കുടിശ്ശിക നല്‍കിയശേഷമാവും ചര്‍ച്ചകളെന്ന് പ്രതിപക്ഷം വ്യക്തമാക്കി. കഴിഞ്ഞ മൂന്നുവര്‍ഷമായി വിഷയത്തില്‍ ചര്‍ച്ചകള്‍ മാത്രമേയുള്ളുവെന്നും സര്‍ക്കാര്‍ വാക്കുപാലിക്കുന്നില്ലെന്നും ഷെട്ടാര്‍ കുറ്റപ്പെടുത്തി. വിമര്‍ശനങ്ങളെ പ്രതിരോധിക്കാന്‍ ഭരണകക്ഷി അംഗങ്ങള്‍ കിണഞ്ഞുശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
















