ന്യൂദല്‍ഹി: കെഎഫ്‌സി ചിക്കനില്‍ ഇകോളി ബാക്ടീരിയയുടെ അംശം കണ്ടെത്തി പരിശോധനാ ഫലം. തെലങ്കാന സംസ്ഥാന ഭക്ഷ്യ ലബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് മനുഷ്യവിസര്‍ജ്ജ്യത്തിലടങ്ങിയ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം ചിക്കനില്‍ കണ്ടെത്തിയത്. അമേരിക്ക ആസ്ഥാനമായുള്ള ബഹുരാഷ്‌ട്ര ഫാസ്റ്റ്ഫുഡ് കമ്പനിയാണ് കെന്റക്കി ഫ്രൈഡ് ചിക്കന്‍(കെഎഫ്‌സി).
കെഎഫ്‌സിയുടെ അഞ്ച് ഔട്ട്‌ലെറ്റുകളില്‍ നിന്നും ശേഖരിച്ച സാമ്പിളുകളാണ് ലാബില്‍ പരിശോധനയ്‌ക്ക് അയച്ചത്. വിദ്യാനഗര്‍, നാച്ചാരം, ഇസിഐഎല്‍ എക്‌സ് റോഡ്, ചിക്കാഡ് പള്ളി, ഹിമായത് നഗര്‍ എന്നിവിടങ്ങളിലെ കെഎഫ്‌സി ഔട്ട്‌ലെറ്റുകളിലെ ചിക്കന്‍ ആണ് പരിശോധിച്ചത്. കെഎഫ്‌സിയുടെ തന്നെ ബോട്ടിലുകളിലാക്കി പരിശോധനയ്‌ക്കായി ലാബിലെത്തിച്ചു.
എന്‍ജിഒ ആയ ബിഎച്ച്എസ് ശേഖരിച്ച സാമ്പികളുകള്‍ സര്‍ക്കാര്‍ ലാബില്‍ പരിശോധിച്ചപ്പോള്‍ ടൈഫോയ്ഡ്, കുടല്‍വീക്കം എന്നിവയ്‌ക്ക് വഴിവെയ്‌ക്കുന്ന സാല്‍മൊണെല്ല ബാക്ടീരിയയുടെ സാന്നിധ്യവും കണ്ടെത്തി. എന്നാല്‍ റിപ്പോര്‍ട്ട് നിഷേധിച്ചുകൊണ്ട് കെഎഫ്‌സി രംഗത്തെത്തിയിട്ടുണ്ട്. മോശപ്പെട്ട സാഹചര്യത്തില്‍ ലാബില്‍ നടന്ന പരിശോധനയാവാം ഇത്തരമൊരു റിപ്പോര്‍ട്ട് ലഭിക്കാന്‍ കാരണമെന്നാണ് കെഎഫ്‌സി നിലപാട്.
കഴിഞ്ഞ ദിവസം കെഎഫ്‌സി നല്‍കിയ ചിക്കനില്‍ എലിയെ കണ്ടെത്തിയെന്ന് വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ പിന്നീടിത് ചിക്കന്‍ തന്നെയായിരുന്നെന്ന് സ്ഥിരീകരിച്ചു. മാഗിക്കു പിന്നാലെ കെഎഫ്‌സി ചിക്കനും വിവാദങ്ങളില്‍ സ്ഥാനം പിടിക്കുകയാണ്.
















