ശ്രീനഗര്‍: ഭീകരര്‍ അനാഥനാക്കിയ കാശ്മീരി യുവാവ് ഐഐടി പ്രവേശന പരീക്ഷയില്‍ മികച്ച വിജയം നേടിയെങ്കിലും തുടര്‍ പഠനത്തിനു പണമില്ലാതെ വലയുന്നു. കാശ്മീരിലെ കുപ്വാര ജില്ലയിലെ ദുഡ്വാന്‍ സ്വദേശിയായ സാഹിദ് അഹ്മദ് ഖുറേഷി (21)പഠനാവശ്യത്തിനു പണം കണ്ടെത്താനാകാതെ വിഷമിക്കുന്നത്.
പണം കണ്ടെത്തുന്നതിന് പലരേയും സമീപിച്ചെങ്കിലും എല്ലാവരും കൈവിട്ടു. കൗണ്‍സിലിങ്ങിനു വേണ്ടിയുള്ള 10,000 രൂപ നല്‍കിയില്ലെങ്കില്‍ തന്റെ ഐഐടി പഠന മോഹം വെറുതേയാകുമെന്ന് ഖുറേഷി പറയുന്നു.
ഭീകരരുടെ വെടിയേറ്റ് പിതാവു മരിക്കുമ്പോള്‍ സഹീദ് അഹ്മദ് ഖുറേഷിക്ക് രണ്ട് മാസം പ്രായം. അമ്മയുടെ രണ്ടാം വിവാഹത്തോടെ അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും സംരക്ഷണയിലായി ഖുറേഷി. സ്‌കൂളില്‍ വിടാനുള്ള പണം പോലും അവരുടെ കൈയില്‍ ഉണ്ടായിരുന്നില്ല.പിന്നീട് കഷ്ഠപ്പെട്ട് പഠിച്ച് അവന്‍ 21 വര്‍ഷങ്ങള്‍ക്കു ശേഷം ഐഐടി പ്രവേശന പരീക്ഷയില്‍ 89ാം റാങ്ക് നേടി .
കൗണ്‍സിലിങ്ങിനു വേണ്ടിയുള്ള 10,000 രൂപ പോലും എടുക്കാന്‍ കയ്യിലില്ലെന്ന് ഖുറേഷി പറഞ്ഞു. കൗണ്‍സിലിങ്ങിനു വേണ്ടിയുള്ള പണം കെട്ടിവച്ചില്ലെങ്കില്‍ അഡ്മിഷന്‍ റദ്ദാകും. തന്റെ കൈവശമുള്ള ഫോണ്‍ വിറ്റാലും 5,000 രൂപയെ ലഭിക്കുകയുള്ളൂ.
വായ്‌പയ്‌ക്കായി ബാങ്കുകളെ സമീപിച്ചപ്പോള്‍ അഡ്മിഷന്‍ രേഖ കാണിക്കാനാണ് അവര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ കൗണ്‍സിലിങ് ഫീസ് അടച്ചാലേ അഡ്മിഷന്‍ ലഭിക്കൂ. പണം കണ്ടെത്താനായില്ലെങ്കില്‍ അടുത്തുള്ള ഡിഗ്രി കോളേജില്‍ പഠനം തുടരാനാണ് മുത്തച്ഛനും മുത്തശ്ശിയും തന്നോട് പറഞ്ഞതെന്നും ഖുറേഷി പറഞ്ഞു.
വീടിന്റെ ഒരുഭാഗം വാടകയ്‌ക്കു കൊടുത്തിരിക്കുകയാണ്. അതാണ് ഇപ്പോഴുള്ള ഏക വരുമാനമാര്‍ഗം. ആദ്യത്തെ ശ്രമത്തില്‍ തന്നെയാണ് ഈ മിടുക്കന്‍ ഐഐടി പ്രവേശന പരീക്ഷ പാസായത്.
കുപ്‌വാര ജില്ലയിലെ ദുഡ്‌വാന്‍ എന്ന ഒറ്റപ്പെട്ട ഗ്രാമത്തിലാണ് ഖുറേഷി ജീവിക്കുന്നത്. 1995ലാണ് പിതാവ് ഫാറൂഖ് ഖുറേഷി കൊല്ലപ്പെട്ടത്.
















