ചെന്നൈ: ഉന്നത ജാതിക്കാരിയായ പെണ്‍കുട്ടിയുമായി സംസാരിച്ചെന്ന് ആരോപിച്ച് ദളിത് വംശജനായ എഞ്ചിനീയറെ കൊന്ന് റെയില്‍വേ ട്രാക്കിലിട്ടു.ഗോകുല്‍രാജ് എന്ന ഇരുപത്തിയൊന്നു കാരനായ യുവാവാണ് ദാരുണമായി കൊലചെയ്യപ്പെട്ടത്. തോട്ടിപ്പാളയത്തു നിന്നും ഇയാളുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്.
തമിഴ്‌നാട്ടിലെ നമ്മാക്കല്‍ ജില്ലയിലാണ് സംഭവം. ബുധനാഴ്ച രാവിലെ തിരുച്ചെങ്കോട് ശ്രീ അര്‍ധനാരീശ്വര ക്ഷേത്ര പരിസരത്തുവെച്ച് പെണ്‍ സുഹൃത്തായ സ്വാതിയോട് സംസാരിച്ചുകൊണ്ടിരിക്കേ അജ്ഞാത സംഘം ഗോകുല്‍രാജിനെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. സ്വാതി തന്നെയാണ് ഇക്കാര്യം ഗോകുല്‍ രാജിന്റെ അമ്മയെ അറിയിച്ചത്.
ഗോകുലിനെ കൊങ്ങു വെള്ളാളര്‍ വംശജനും ധീരന്‍ ചിന്നമലൈ പേരവൈ എന്ന പാര്‍ട്ടിയുടെ പ്രാദേശിക നേതാവുമായ യുവരാജാണ് കൊലപ്പെടുത്തിയതെന്ന് യുവാവിന്റെ കുടുംബം ആരോപിച്ചു. പരാതിയെ തുടര്‍ന്ന് യുവരാജിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
തട്ടിക്കൊണ്ടുപോകല്‍, അസ്വാഭാവിക മരണം എന്നിവയ്‌ക്ക് പൊലീസ് കേസെടുത്തിട്ടുണ്ട്. ഗോകുലിന്റെ പോക്കറ്റില്‍ നിന്നും പ്രണയത്തകര്‍ച്ചയുണ്ടായെന്ന് വ്യക്തമാക്കുന്ന ഒരു കത്ത് ലഭിച്ചിട്ടുണ്ട്. കത്തിന്റെ ആധികാരികതയെപ്പറ്റി അന്വേഷണം നടത്തുന്നുണ്ട്. ഇന്ന് നടത്തുന്ന പോസ്റ്റ് മോര്‍ട്ടത്തിന് ശേഷമേ കൂടുതല്‍ വിവരം അറിയാനാകൂ എന്നും പൊലീസ് പറഞ്ഞു
ചില ദളിത് സംഘടനകളും സംഭവത്തില്‍ ഉന്നത തല അന്വേഷണമാവശ്യപ്പെട്ട് പ്രക്ഷോഭവുമായി രംഗത്തെത്തി.
















