ന്യൂദല്‍ഹി: രാജ്യത്ത് നഗരവികസന പദ്ധതികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു. സ്മാര്‍ട്ട്‌സിറ്റി, അമൃത് മിഷന്‍, എല്ലാവര്‍ക്കും വീട് എന്നീ മൂന്ന് പദ്ധതികളുടെ ഉദ്ഘാടനം ദല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ നന്ന ചടങ്ങില്‍ പ്രധാനമന്ത്രി നിര്‍വഹിച്ചു.
വികസനം എല്ലാ പ്രദേശങ്ങളിലേക്കും ഒരേ പോലെ എത്തിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നഗരവികസന പദ്ധതികള്‍ പ്രഖ്യാപിച്ചത്. ജനങ്ങള്‍ ആഗ്രഹിക്കുന്നതിന് അപ്പുറത്തുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ കഴിയുമ്പോഴും ഒരു നഗരത്തിന് സ്മാര്‍ട്ട് നഗരമാകാന്‍ സാധിക്കുകയെന്നു പ്രധാനമന്ത്രി പറഞ്ഞു. അതിന് വേണ്ടി പ്രവര്‍ത്തിക്കേണ്ടത് പ്രാദേശിക ഭരണകൂടങ്ങളാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യം എഴുപത്തിയഞ്ചാം സ്വാതന്ത്രദിനം ആഘോഷിക്കുമ്പോള്‍ എല്ലാവര്‍ക്കും ഒരു പോലെ സ്വാതന്ത്ര്യം അനുഭവിക്കാനുള്ള അവസരം ഉണ്ടാകുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാനസര്‍ക്കാരുകള്‍, നഗരസഭകള്‍, സ്വകാര്യ സംരംഭകര്‍ തുടങ്ങിയവരുമായി നടത്തിയ കൂടിയാലോചനയ്‌ക്കുശേഷമാണ് പദ്ധതികളുടെ മാര്‍ഗരേഖ തയാറാക്കിയത്.
ലോകനിലവാരത്തിലുള്ള സൗകര്യങ്ങളോടുകൂടിയ 100 സ്മാര്‍ട്ട് സിറ്റികള്‍ നിര്‍മിക്കാനുള്ളതാണ് സ്മാര്‍ട്ട് സിറ്റി യജ്ഞം. അതിഗുണമുള്ള അടിസ്ഥാന സൗകര്യം, മെച്ചപ്പെട്ട സേവനങ്ങള്‍ക്ക് സ്മാര്‍ട്ട് പരിഹാര സംവിധാനം, ജീവിത നിലവാരം മെച്ചപ്പെടുത്തല്‍, എല്ലാ വിഭാഗക്കാര്‍ക്കും നേട്ടമുണ്ടാക്കുന്ന സാമ്പത്തിക വളര്‍ച്ചാ പദ്ധതികള്‍, വൃത്തിയുള്ളതും സുസ്ഥിരവുമായ പരിസ്ഥിതിക്ക് സഹായിക്കല്‍, മത്സരത്തിലൂടെ നഗരങ്ങള്‍ കണ്ടെത്തല്‍ എന്നിവയും സ്മാര്‍ട്ട് സിറ്റി യജ്ഞത്തിന്റെ ഭാഗമായി നടക്കും.
ഒരു ലക്ഷം ജനസംഖ്യയുള്ള രാജ്യത്തെ 500 നഗരങ്ങളിലെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താനുമാണ് അമൃത് മിഷന്‍ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. അടിസ്ഥാന സൗകര്യവും ശുചീകരണവും, ജലവിതരണത്തിലും മലിനജല സംവിധാനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കല്‍, പൊതുഗതാഗതം പ്രോത്സാഹിപ്പിക്കല്‍, നടക്കാനും സൈക്ലിങിനും പച്ചപ്പും തുറസ്സും ലഭ്യമാക്കല്‍, പരിഷ്ക്കാരങ്ങളിലൂടെ നഗര ഭരണ സംവിധാനം മെച്ചപ്പെടുത്തല്‍ എന്നിവ അമൃത് മിഷന്‍ പദ്ധതി ലക്ഷ്യമിടുന്നു.
ഏഴു വര്‍ഷത്തിനുള്ളില്‍ രണ്ടു കോടി പുതിയ വീടുകള്‍ നിര്‍മിക്കാനും എല്ലാവര്‍ക്കും വീട് എന്ന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഓരോ വീടിനും ഒരു ലക്ഷം രൂപ മുതല്‍ രണ്ടര ലക്ഷം രൂപ വരെ കേന്ദ്ര സഹായം ലഭിക്കും. മഹിളകളുടെ പേരില്‍ അല്ലെങ്കില്‍ ഭര്‍ത്താവിനൊപ്പം തുല്യ അവകാശമുള്ള വീടുകളായിരിക്കും നിര്‍മ്മിക്കുക. ചേരികളില്ലാത്ത നഗര നിര്‍മാണവും പദ്ധതിയുടെ ഭാഗമാണ്.
















