ന്യൂദല്‍ഹി: തന്നെ പീഡിപ്പിച്ച വ്യക്തിയുമായി ഒത്തുതീര്‍പ്പിനോ വിവാഹത്തിനോ തയ്യാറല്ലെന്ന് വ്യക്തമാക്കി പെണ്‍കുട്ടി രംഗത്ത്. ഏഴ് വര്‍ഷം മുന്‍പ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പ്രതിക്ക് കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതി ജഡ്ജി ജാമ്യം അനുവദിച്ചിരുന്നു. തര്‍ക്കം പരിഹരിക്കാന്‍ ഇതരമാര്‍ഗം എന്ന നിലയ്‌ക്ക്, അവിവാഹിതയായ അമ്മയായി തുടരുന്ന പെണ്‍കുട്ടിയെ ചെന്ന് കാണാനും അവളെ വിവാഹം ചെയ്യുന്നതിലൂടെ ഒത്തുതീര്‍പ്പിന് തയ്യാറാകാനുമായിരുന്നു ജഡ്ജി നിര്‍ദ്ദേശിച്ചത്.
എന്നാല്‍ പ്രതിയുമായി സംസാരിക്കാന്‍ പെണ്‍കുട്ടി തയ്യാറായില്ല. സംഭവം നടന്ന് ഏഴ് വര്‍ഷത്തിന് ശേഷം കോടതി എന്തിനാണ് അയാളുമായി സംസാരിക്കാന്‍ ആവശ്യപ്പെടുന്നതെന്ന് പെണ്‍കുട്ടി ചോദിച്ചു.
കേസിനാസ്പദമായ സംഭവം നടന്നപ്പോള്‍ പതിനഞ്ചു വയസായിരുന്നു പെണ്‍കുട്ടിയുടെ പ്രായം. പിന്നീട് മാതാപിതാക്കള്‍ കൂടി മരിച്ചതോടെ അവള്‍ അനാഥയായി. സംഭവം നടന്ന് നാലുവര്‍ഷത്തിനു ശേഷം 2012ലാണ് പ്രതി വി. മോഹന് ഏഴു വര്‍ഷം തടവുശിക്ഷ വിധിച്ചത്. തുടര്‍ന്ന് വിധിക്കെതിരെ അപ്പീല്‍ സമര്‍പ്പിച്ച പ്രതിക്ക് താത്ക്കാലിക ജാമ്യം അനുവദിച്ച ജസ്റ്റിസ് ഡി. ദേവദാസാണ് ഒത്തുതീര്‍പ്പിന് നിര്‍ദേശിച്ചത്.
















