ന്യൂദല്‍ഹി: ഗാന്ധികുടുംബത്തില്‍പെട്ട ആര്‍ക്കും അടിയന്തരാവസ്ഥയുടെ ഉത്തരവാദിത്തം ഒഴിയാനോ അതില്‍ നിഷ്‌കളങ്കരെന്നു പറയാനോ ആവില്ലെന്ന് ആര്‍. കെ. ധവാന്‍. ഇന്ദിരാഗാന്ധിയുടെ വലംകൈയായിരുന്ന ധവാന്‍ അടിയന്തരാവസ്ഥയുടെ കാര്യത്തില്‍, രാജീവിനോ സോണിയയ്‌ക്കോ മറ്റാര്‍ക്കെങ്കിലുമോ ഒരു ഘട്ടത്തിലും ഖേദം തോന്നിയിട്ടില്ലെന്നും വെളിപ്പെടുത്തി. ഒരു സ്വകാര്യ ടിവി ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ധവാന്‍ ഇതു പറഞ്ഞത്.
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന എസ്.എസ്. റേയാണ് അടിയന്തരാവസ്ഥയുടെ ശില്‍പ്പി. റേയാണ് ഇന്ദിരയ്‌ക്ക് ഈ ആശയം കൊടുത്തത്. എന്നാല്‍ അന്ന് ഇന്ദിരയുടെ അടുത്തയാളായിരുന്ന ധവാന്‍ താന്‍ ഇക്കാര്യത്തില്‍ എങ്ങനെ പ്രതിരോധിച്ചുവെന്നൊന്നും പറയാന്‍ തയ്യാറായിട്ടില്ല.
അടിയന്തരാവസ്ഥ ഏറെ നാളത്തെ ആസൂത്രണത്തിന്റെ ഭാഗമാണ്. എന്നാല്‍, നിര്‍ബന്ധിത വന്ധ്യംകരണം പോലെയുള്ള നടപടികളെക്കുറിച്ചൊന്നും ഇന്ദിരക്ക് അറിവില്ലായിരുന്നുവെന്നും ധവാന്‍ ന്യായീകരിക്കുന്നു.
മന്ത്രിസഭയില്‍ സ്വരണ്‍ സിങ്ങല്ലാതെ ആരും അടിയന്തരാവസ്ഥയുടെ ആവശ്യകതയെ ചോദ്യം ചെയ്തിരുന്നില്ല. അടിയന്തരാവസ്ഥയുടെ ആവശ്യകതയെ ന്യായീകരിച്ച് രാഷ്‌ട്രപതിയെ കാണുമ്പോള്‍ ഞാനും ഇന്ദിരയുടെ കൂടെയുണ്ടായിരുന്നു. രാഷ്‌ട്രപതി ഫക്രുദീന്‍ അലി അഹമ്മദ് ഒരെതിര്‍പ്പും പറയാതെ ഒപ്പുവെക്കുകയായിരുന്നു. അറസ്റ്റുചെയ്യേണ്ടവരുടെ പട്ടിക തയ്യാറാക്കാന്‍ മുഖ്യമന്ത്രിമാരെ വിളിച്ചുവരുത്തി ചര്‍ച്ച നടത്തിയിരുന്നു, ധവാന്‍ വിശദീകരിക്കുന്നു.
മകന്‍ സഞ്ജയ് ഗാന്ധി അത്താഴ വിരുന്നിനിടെ ആറുവട്ടം അമ്മ ഇന്ദിരയുടെ മുഖത്തടിച്ചുവെന്ന വാര്‍ത്തകള്‍ ധവാന്‍ നിഷേധിച്ചു.
















