ന്യൂദല്‍ഹി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പ്രഫുല്‍ ബിദ്വായ് (65) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ചൊവ്വാഴ്ച വൈകിട്ട് ആംസ്റ്റര്‍ഡാമിലായിരുന്നു അന്ത്യം. ഒരു കഫേയില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കവെ ഹൃദയാഘാതമുണ്ടായെന്നും തുടര്‍ന്ന് മരണം സംഭവിച്ചെന്നും കുടുംബ സുഹൃത്ത് പമേല ഫിലിപ്പോസ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
1950ല്‍ നാഗ്പൂരില്‍ ജനിച്ച പ്രഫുല്‍ ബിദ്വായ് സ്വതന്ത്ര പത്രപ്രവര്‍ത്തകനായാണ് മാധ്യമലോകത്തേക്ക് പ്രവേശിച്ചത്. ടൈംസ് ഓഫ് ഇന്ത്യയില്‍ സീനിയര്‍ അസിസ്റ്റന്റ് എഡിറ്ററായി പ്രവര്‍ത്തിച്ചു. ഫ്രണ്ട്‌ലൈന്‍, ഹിന്ദുസ്ഥാന്‍ ടൈംസ്, ദ കശ്മീര്‍ ടൈംസ്, ദ ആസാം ട്രൈബ്യൂണ്‍, ദ ലോക്മത് ടൈംസ് തുടങ്ങിയവയ്‌ക്കു പുറമെ, പാക്കിസ്ഥാനിലെ ദി ന്യൂസ് ഇന്റര്‍നാഷണല്‍, ബംഗ്ലാദേശിലെ ദ ഡെയ്‌ലി സ്റ്റാര്‍, ദ ഗാര്‍ഡിയന്‍, ലെ മോണ്ടെ ഡിപ്ലോമാറ്റിക്, മാനിഫെസ്റ്റോ തുടങ്ങിയവയിലും അദ്ദേഹം കോളങ്ങള്‍ എഴുതി.
നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറിയിലെ സെന്റര്‍ ഫോര്‍ കണ്ടംപററി സ്റ്റഡീസില്‍ റിസര്‍ച്ച് ഫെല്ലോയായിരുന്ന അദ്ദേഹം, ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ സോഷ്യല്‍ സയന്‍സ് റിസര്‍ച്ച്, ദി സെന്‍ട്രല്‍ അഡൈ്വസറി ബോര്‍ഡ് ഓഫ് എഡ്യൂക്കേഷന്‍, നാഷണല്‍ ബുക്ക് ട്രസ്റ്റ് തുടങ്ങിയവയില്‍ അംഗത്വവും വഹിച്ചു.
















