ന്യൂദല്‍ഹി: അന്താരാഷ്‌ട്ര യോഗാദിന മാതൃകയില്‍ മാനവ സാഹോദര്യ സന്ദേശം പകരുന്ന രക്ഷാബന്ധന മഹോത്സവവും രാജ്യത്ത് വിപുലമായി ആഘോഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചന. ആഗസ്ത് 29ന് നടക്കുന്ന രക്ഷാബന്ധന്‍ വടക്കേയിന്ത്യയിലെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നാണ്.
ജാതിമത ഭേദമന്യേ ഏവരും സഹോദരീ-സഹോദര സങ്കല്‍പ്പത്തില്‍ ആഘോഷ പരിപാടികളില്‍ പങ്കുചേരുന്നു. രാജ്യത്തിന്റെ സാംസ്‌കാരിക വൈവിധ്യങ്ങളെ രക്ഷാബന്ധന്‍ പോലുള്ള പരിപാടികളിലൂടെ ഒരുമിച്ചുചേര്‍ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.
കേന്ദ്രമാനവ വിഭവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനി, അനന്ത്കുമാര്‍ എന്നീ മന്ത്രിമാരുള്‍പ്പെടുന്ന നാലംഗ മന്ത്രിസഭാ സമിതി രക്ഷാബന്ധന്‍ ദേശീയതലത്തില്‍ ആഘോഷിക്കുന്നതിനെപ്പറ്റിയുള്ള മുന്നൊരുക്കങ്ങള്‍ നിര്‍വഹിക്കുന്ന ചുമതല ഏറ്റെടുക്കും.
















