ന്യൂദല്‍ഹി: രാജ്യത്ത് പുതിയ 6 ഐഐഎമ്മുകള്‍(ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ്) സ്ഥാപിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം, ബിഹാറിലെ ബോധ്ഗയ, ഹിമാചല്‍ പ്രദേശിലെ സിര്‍മാവൂര്‍, മഹാരാഷ്‌ട്രയിലെ നാഗ്പൂര്‍, ഒഡീഷയിലെ സംഭാല്‍പൂര്‍, പഞ്ചാബിലെ അമൃത്‌സര്‍ എന്നിവിടങ്ങളിലാണ് പുതിയ ഐഐഎമ്മുകള്‍ ആരംഭിക്കുക. ആദ്യം താല്‍ക്കാലിക കാമ്പസ്സുകളില്‍ പ്രവര്‍ത്തനം തുടങ്ങുന്ന ഇവ പിന്നീട്സ്ഥിരം കാമ്പസ്സുകളിലേയ്‌ക്ക് മാറും.
ആറ് പുതിയ ഐഐഎമ്മുകളിലും 2015-16ല്‍ തന്നെ അധ്യായനം ആരംഭിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാം കോഴ്‌സുകളിലേക്ക് തുടക്കത്തില്‍ 140 പേര്‍ക്കായിരിക്കും പ്രവേശനം നല്‍കുക. ഏഴു വര്‍ഷത്തിനകം ഇത് 560 വിദ്യാര്‍ത്ഥികളായി വര്‍ദ്ധിപ്പിക്കും. ഐഐഎമ്മുകള്‍ നടത്തുന്ന പൊതു പ്രവേശന പരീക്ഷയായ സിഎറ്റി(ക്യാറ്റ്) വഴിയായിരിക്കും പ്രവേശനം.
ബീഹാറില്‍ ലോക് നായക് ജയപ്രകാശ് നാരായണന്റെ ജന്മസ്ഥലമായ ഛാപ്ര ജില്ലയിലെ ലാലാകാതോലയില്‍ ദേശീയ സ്മാരകം നിര്‍മ്മിക്കാനുള്ള കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ നിര്‍ദ്ദേശത്തിനും കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ഒരു വെര്‍ച്വല്‍ മ്യൂസിയത്തിന് പുറമെ ഖാദികേന്ദ്രം, പഠന ഗവേഷണകേന്ദ്രം തുടങ്ങിയവ ഉള്‍ക്കൊള്ളുന്നതായിരിക്കും സ്മാരകം. ജനാധിപത്യം, രാഷ്‌ട്ര നിര്‍മ്മാണത്തില്‍ പഞ്ചായത്തുകളുടെ പങ്ക് വര്‍ദ്ധിപ്പിക്കല്‍, ഗാന്ധിയന്‍ ചിന്തകള്‍ എന്നിവയില്‍ പഠനം നടത്തുന്നതിനാണ് കേന്ദ്രം.
ബൗദ്ധിക സ്വത്തവകാശത്തിലെ അവിഭാജ്യ ഘടകമായ വ്യാവസായിക സ്വത്തവകാശ രംഗത്ത് ശേഷിവികസനം, മാനവ വിഭവശേഷി വികസനം, അവബോധം സൃഷ്ടിക്കല്‍ എന്നിവയില്‍ ഭാരതവും ജപ്പാനും തമ്മില്‍ ധാരണാപത്രം ഒപ്പിടാനുള്ള നിര്‍ദ്ദേശത്തിന് കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ധാരണാപത്ര പ്രകാരം കേന്ദ്ര വ്യവസായ നയ പരിപോഷണ വകുപ്പും ജപ്പാന്‍ സാമ്പത്തികമന്ത്രാലയത്തിന് കീഴിലുള്ള ജപ്പാന്‍ പേറ്റന്റ്ഓഫീസും സംയുക്തമായി ഇതുസംബന്ധിച്ച ദൈ്വവാര്‍ഷിക കര്‍മ്മപരിപാടി നടപ്പാക്കും.
ഇക്കൊല്ലം ഏപ്രില്‍ മുതല്‍ 2018 മാര്‍ച്ച് വരെ ജപ്പാനിലേക്കും ദക്ഷിണകൊറിയയിലേയ്‌ക്കും ഉയര്‍ന്ന നിലവാരത്തിലുള്ള ഇരുമ്പയിര് കയറ്റിഅയയ്‌ക്കാനുള്ളദീര്‍ഘകാലകരാര്‍ പുതുക്കാന്‍ കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു. ദേശീയ ധാതുവികസന കോര്‍പ്പറേഷന്റെ ഖനികളില്‍ നിന്ന് പ്രതിവര്‍ഷം 3.8 ദശലക്ഷം ടണ്‍ മുതല്‍ 5.5 ദശലക്ഷം ടണ്‍വരെ നല്കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് കരാര്‍. കേന്ദ്ര വാണിജ്യമന്ത്രാലയത്തിന്റെ കീഴിലുള്ള മെറ്റല്‍സ് ആന്റ് മിനറല്‍സ് ട്രേഡിംഗ് കോര്‍പ്പറേഷന്‍ വഴിയായിരിക്കും കരാര്‍ നടപ്പാക്കുക.
സോളര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ പേര് റിന്യൂവബിള്‍ എനര്‍ജി കോര്‍പ്പറേഷന്‍ എന്നാക്കി മാറ്റാനും കമ്പനി നിയമ പ്രകാരം ഇതിനാവശ്യമായ നടപടികള്‍ കൈക്കൊള്ളാനും മന്ത്രിസഭായോഗം തീരുമാനിച്ചു. കോര്‍പ്പറേഷന് കൂടുതല്‍ സ്വയം പര്യാപ്തത കൈവരിക്കാന്‍ വേണ്ടിയാണ് നടപടി.
















