ന്യൂദല്‍ഹി: പാര്‍ലമെന്റ് കാന്റീനില്‍ വിലകുറച്ച് ഭക്ഷണം നല്‍കുന്ന സമ്പ്രദായം പുന:പരിശോധിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച പദ്ധതിയല്ല ഇതെന്നും നിരവധി വര്‍ഷങ്ങളായി ഇതു തുടരുന്നതാണെന്നും കേന്ദ്രപാര്‍ലമെന്ററി കാര്യമന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. കഴിഞ്ഞ അഞ്ചുവര്‍ഷം 60.7 കോടി രൂപ പാര്‍ലമെന്റ് കാന്റീനിലേക്ക് സബ്‌സിഡിയായി നല്‍കിയെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
പാര്‍ലമെന്ററി കമ്മറ്റിയുമായി ബന്ധപ്പെട്ട കാര്യമായതിനാല്‍ കേന്ദ്രസര്‍ക്കാരിന് വിഷയത്തില്‍ തനിച്ച് തീരുമാനങ്ങളെടുക്കാനാവില്ല. ഇരുസഭകളുടേയും ഹൗസ് കമ്മറ്റികളാണ് സബ്‌സിഡിക്കാര്യം തീരുമാനിക്കുന്നത്. വിഷയത്തില്‍ ഇടപെടാന്‍ കേന്ദ്രസര്‍ക്കാരിന് അധികാരമില്ല. എന്നാല്‍ വിഷയത്തില്‍ പുന:പരിശോധന അനിവാര്യമാണെന്ന നിലപാടാണ് കേന്ദ്രസര്‍ക്കാരിന്. സബ്‌സിഡി പുന:പരിശോധിക്കണമെന്ന നിലപാട് കോണ്‍ഗ്രസും സ്വീകരിച്ചിട്ടുണ്ട്. ഭക്ഷണസാധനങ്ങള്‍ 65 ശതമാനത്തിന് മുകളില്‍ സബ്‌സിഡി നല്‍കിയാണ് പാര്‍ലമെന്റ് കാന്റീനില്‍ വില്‍ക്കുന്നത്.
















