ന്യൂദല്‍ഹി: എന്‍സിഇആര്‍ടി ചരിത്രപാഠപുസ്തകങ്ങളില്‍ കൂടുതല്‍ സ്വാതന്ത്ര്യസമരസേനാനികള്‍ പാഠ്യവിഷയമാകും. സ്വാതന്ത്ര്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച നൂറുകണക്കിന് മഹാനേതാക്കളുടെ ചരിത്രം വരുംതലമുറ പഠിക്കേണ്ടതുണ്ടെന്ന് എന്‍സിഇആര്‍ടി കരിക്കുലം കമ്മറ്റി തീരുമാനിച്ചു. ജൂണ്‍ രണ്ടാംവാരം ദല്‍ഹിയില്‍ എന്‍സിഇആര്‍ടി നടത്തിയ വര്‍ക്ക്‌ഷോപ്പിലെ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് മണ്‍മറഞ്ഞ സ്വാതന്ത്ര്യസമര സേനാനികളെ ചരിത്രപാഠപുസ്തകങ്ങളില്‍ പാഠ്യവിഷയമാക്കാന്‍ തീരുമാനിച്ചത്. നിലവിലെ എന്‍സിഇആര്‍ടി പുസ്തകങ്ങള്‍ പത്തുവര്‍ഷത്തോളം പിന്നിട്ടതിനാല്‍ അവയില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്താനും തീരുമാനിച്ചിട്ടുണ്ട്.
ഗാന്ധിക്കും ജവഹര്‍ലാല്‍ നെഹ്രുവിനും അപ്പുറം സ്വാതന്ത്ര്യസമരസേനാനികളെപ്പറ്റിയുള്ള അറിവ് വിദ്യാര്‍ത്ഥികള്‍ ആര്‍ജ്ജിക്കേണ്ടതുണ്ട്. ഇതിനുള്ള ശ്രമങ്ങളാണ് എന്‍സിഇആര്‍ടി ആരംഭിച്ചിരിക്കുന്നത്. ചരിത്രഗവേഷണ കൗണ്‍സിലിന്റെ സഹായത്തോടെ ഇത്തരത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്താനാണ് തീരുമാനം. ഇതിനു പുറമേ ചരിത്രപാഠപുസ്തകങ്ങളിലെ തെറ്റുകള്‍ തിരുത്താനും വിവാദപരാമര്‍ശങ്ങള്‍ പിന്‍വലിക്കാനും എന്‍സിഇആര്‍ടി തീരുമാനിച്ചിട്ടുണ്ട്.
പാഠപുസ്തകങ്ങളില്‍ നിരവധി പിശകുകളുണ്ട്. ഇത്തരം പുസ്തകങ്ങള്‍ മാറ്റുക തന്നെ വേണം. എന്‍സിഇആര്‍ടി വര്‍ക്ക്‌ഷോപ്പില്‍ പങ്കെടുത്ത ചരിത്രഗവേഷണ കൗണ്‍സില്‍ അംഗം സര്‍ദിന്തു മുഖര്‍ജി പറഞ്ഞു. പുതിയ ചരിത്രപുസ്തകങ്ങള്‍ എഴുതുന്നതിനായി 18 മുതല്‍ 24 മാസങ്ങള്‍ വരെ വേണ്ടിവരുമെന്നും അതിനാല്‍തന്നെ മാറ്റങ്ങള്‍ 2017 അധ്യയന വര്‍ഷത്തോടെ മാത്രമേ നിലവില്‍ വരികയുള്ളൂവെന്നും സര്‍ദിന്തു മുഖര്‍ജി പറഞ്ഞു. ഇംഗ്ലീഷില്‍ എഴുതുന്ന ചരിത്ര പുസ്തകങ്ങള്‍ ആദ്യം ഉറുദുവിലേക്കും പിന്നീട് മറ്റു ഭാഷകളിലേക്കും മൊഴിമാറ്റും.
എന്‍സിഇആര്‍ടി പന്ത്രണ്ടാം ക്ലാസ് ചരിത്രപാഠപുസ്തകത്തില്‍ ഭാരതവിഭജനത്തിന് കാരണക്കാരനായ മുഹമ്മദലി ജിന്നയ്‌ക്ക് ഭാരത രാഷ്‌ട്രപിതാവ് മഹാത്മാഗാന്ധിക്കൊപ്പം വലിയ പ്രാധാന്യം നല്‍കിയാണ് ചിത്രീകരിച്ചിരിക്കുന്നത്.
















